10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബംപർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബംപർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍. കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് വഴിയാണ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്റ്ററേറ്റില്‍ നിന്നും ടിക്കറ്റുകള്‍ വിപണിയിലെത്തിക്കുന്നത്.
ബിആര്‍ 110 നമ്പര്‍ മണ്‍സൂണ്‍ ബംപർ ഭാഗ്യക്കുറിയിൽ എംഎ, എംബി, എംസി, എംഡി, എംഇ എന്നിങ്ങനെ അഞ്ച് പരമ്പരകളിലായാണ് ടിക്കറ്റുകള്‍ ലഭ്യമാകുന്നത്. മണ്‍സൂണ്‍ ബംപറില്‍ 10 കോടി രൂപയുടെ ഒന്നാം സമ്മാനം നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് ലഭിക്കുന്നു. ഒന്നാം സമ്മാനാര്‍ഹമായ അതേ നമ്പറിലെ മറ്റു 4 പരമ്പരകള്‍ക്കായി ഒരു ലക്ഷം രൂപയുടെ നാല് സമാശ്വാസ സമ്മാനങ്ങളും ലഭിക്കും.
രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പരമ്പരകളിലായി 5 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പരമ്പരകളിലായി 5 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനമായി 3 ലക്ഷം രൂപ വീതം 5 പരമ്പരകളിലായി 5 പേര്‍ക്കും ലഭിക്കും.
കൂടാതെ അവസാന നാലക്ക നറുക്കെടുപ്പിലൂടെ 5,000, 1,000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളും ഉള്‍പ്പെടെ ഏകദേശം 3 ലക്ഷത്തിലേറെ സമ്മാനങ്ങള്‍ മണ്‍സൂണ്‍ ബംപർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നു. 250 രൂപയാണ് ടിക്കറ്റിന്റെ വില. നറുക്കെടുപ്പ് ജൂലൈ 18 ന് ഉച്ചയ്ക്ക് രണ്ടിന്.