എസ്. വളർമതി
file image
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി സമരക്കാർ സ്ഥാപിച്ച സമരപ്പന്തൽ പൊളിച്ച് നീക്കി ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയ വളർമതി ചികിത്സയുമായി സഹകരിക്കുന്നില്ല. വളർമതി നിലവിൽ ഐസിയുവിലാണ്. വാർഡിലേക്ക് മാറ്റിയാൽ മാത്രം ചികിത്സയുമായി സഹകരിക്കുമെന്നാണ് വളർമതി അറിയിച്ചിട്ടുള്ളത്.
എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തൽ ബുധനാഴ്ച രാത്രിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. തുടർന്ന് നിരാഹാര സമരം നടത്തുന്ന വളര്‍മതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, പൊലീസ് നടപടിക്കെതിരേ ഡിവൈഎഫ്ഐ രംഗത്തെത്തി. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ മാറ്റാന്‍ ശ്രമിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. സമരസമിതി നേതാവ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ ഉദ്യോഗാർഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തു. ആവശ്യം നേടിയെടുത്തിട്ടേ പോകൂവെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
സുപ്രീംകോടതിയുടെ വിധി പ്രകാരമാണ് പന്തല്‍ പൊളിച്ചതെന്നും സ്ഥിരം പന്തലാണ് നീക്കിയതെന്നും താല്‍ക്കാലിക പന്തല്‍ പൊളിച്ചില്ലെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. പൊളിച്ച സമരപ്പന്തൽ ഡിവൈഎഫ്ഐ വീണ്ടും കെട്ടിപ്പൊക്കിയിട്ടുണ്ട്. ഇതിനെതിരേ പൊലീസ് കേസെടുത്തു.