മുല്ലപ്പള്ളി രാമചന്ദ്രൻ

 
Kerala

മന്ത്രിയെ കെപിസിസി അധ്യക്ഷനാക്കുന്നതിനെ എതിർത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ

റവന്യൂ മന്ത്രി എ.പി. അനിൽകുമാറിനെ കെപിസിസി അധ്യക്ഷനാക്കാൻ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം

Sarath Nath MS

കോഴിക്കോട്: സംസ്ഥാന മന്ത്രിയെ അടുത്ത കെപിസിസി അധ്യക്ഷനാക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ നയിക്കാൻ മന്ത്രിസഭയ്ക്ക് പുറത്തുതന്നെ കഴിവും സംഘടനാ മികവുമുള്ള നിരവധി നേതാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ മന്ത്രി എ.പി. അനിൽകുമാറിനെ കെപിസിസി അധ്യക്ഷനാക്കാൻ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. കെപിസിസിക്കോ പാർട്ടിക്കോ അധ്യക്ഷസ്ഥാനത്തേക്ക് മന്ത്രിസഭയിൽ നിന്ന് ഒരാളെ കണ്ടെത്തേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിസഭയ്ക്ക് പുറത്ത് പാർട്ടിയെ ഫലപ്രദമായി നയിക്കാൻ കഴിവുള്ള നിരവധി പേരുണ്ട്. അവരുണ്ടായിരിക്കെ എന്തിനാണ് മന്ത്രിസഭയിൽ നിന്ന് ഒരാളെ കണ്ടെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. എംപിയെ കെപിസിസി അധ്യക്ഷനാക്കുന്നതിനോടും ഇതേ നിലപാടാണോയെന്ന ചോദ്യത്തിന് തന്‍റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു മറുപടി.

പുതിയ കെപിസിസി അധ്യക്ഷനെ സംബന്ധിച്ച് എഐസിസി ഉടൻ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യത്തിൽ കാലതാമസമുണ്ടായതായി എഐസിസിക്കും അറിയാം. എത്രയും വേഗം തീരുമാനമുണ്ടാകുമെന്നാണ് വിവരമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫാണ് കെപിസിസി അധ്യക്ഷന്‍റെ ചുമതല വഹിക്കുന്നത്. ഇരട്ടച്ചുമതല കൈകാര്യം ചെയ്യേണ്ടിവരുന്നതിനാൽ സംസ്ഥാന നേതൃത്വത്തിൽ മാറ്റം പരിഗണിക്കുന്നതായാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. 2018 മുതൽ 2021 വരെ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായിരുന്നു. അടുത്ത അധ്യക്ഷസ്ഥാനത്തേക്ക് നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.