കാസർഗോഡ് എസ്ഡിപിഐ പ്രവർത്തകന്‍റെ കൊലപാതകം; 21 ബിജെപി-ആർഎസ്എസ് പ്രവർത്തകരെ വെറുതെവിട്ടു

 

file

Kerala

കാസർഗോഡ് എസ്ഡിപിഐ പ്രവർത്തകന്‍റെ കൊലപാതകം; 21 ബിജെപി-ആർഎസ്എസ് പ്രവർത്തകരെ വെറുതെവിട്ടു

പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചാണ് കാസർഗോഡ് അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി അചിന്ത്യ രാജ് ഉണ്ണിയുടെ വിധി

Sarath Nath MS

കാസർഗോഡ്: 2014ൽ എസ്ഡിപിഐ പ്രവർത്തകൻ സൈനുൽ ആബിദിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 21 ബിജെപി–ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെവിട്ടു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചാണ് കാസർഗോഡ് അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി അചിന്ത്യ രാജ് ഉണ്ണിയുടെ വിധി.

വെറുതെവിട്ടവരിൽ ബിജെപി പ്രാദേശിക നേതാക്കളായ കെ. മഹേഷ്, ഉദയൻ, പ്രശാന്ത്, പ്രതാപ്, ബി. ഹരീഷ് എന്നിവരും ഉൾപ്പെടുന്നു. വിചാരണയ്ക്കിടെ 81 സാക്ഷികളെ കോടതി വിസ്തരിച്ചു. 20 തൊണ്ടിമുതലുകളും 150 രേഖകളും പരിശോധിച്ചു.

2014 ഡിസംബർ 22ന് രാത്രി കാസർഗോഡ് പഴയ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു കൊലപാതകം. തളങ്കര കുന്നിൽ സ്വദേശിയായ സൈനുൽ ആബിദ് (24) പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞിയുടെ മെത്തക്കട അടയ്ക്കാൻ സഹായിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. രാത്രി 9.30ഓടെ മൂർച്ചയേറിയ ആയുധങ്ങളുമായി എത്തിയ സംഘം കടയിലേക്ക് ഇരച്ചുകയറി ആബിദിനെ ആക്രമിക്കുകയായിരുന്നു.

നിലവിളി കേട്ട് സമീപത്തെ കടക്കാരെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. ആദ്യം കാസർഗോഡുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആബിദിന്‍റെ നില വഷളായതിനെ തുടർന്ന് മംഗളൂരുവിലേക്ക് മാറ്റി. എന്നാൽ ഡിസംബർ 23ന് ആബിദ് മരിച്ചു.

കൊലപാതകത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ 21 ബിജെപി–ആർഎസ്എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെയാണ് ഇപ്പോൾ കോടതി വെറുതെവിട്ടിരിക്കുന്നത്.