എം.വി. ഗോവിന്ദൻ, പിണറായി വിജയൻ

 
Kerala

''ഇഡി പിണറായി വിജയനോട് പെരുമാറുന്നത് പിടികിട്ടാപ്പുള്ളിയെ പോലെ, രാഷ്ട്രീയ നാടകം''; വിമർശനവുമാ‍യി എം.വി. ഗോവിന്ദൻ

മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളിയാക്കാനുള്ള ശ്രമമാണിതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു

Aswin AM

തിരുവനന്തപുരം: മാസപ്പടിക്കേസിൽ ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ‍്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ബേക്കറി ജംക്ഷനിലെ വീടിന്‍റെ മുന്നിലെ തൂണിൽ ഇഡി നോട്ടീസ് പതിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇഡി പിണറായി വിജയനോട് പെരുമാറുന്നത് പിടികിട്ടാപ്പുള്ളിയെ പോലെയാണെന്നും മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളിയാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിയുടെ താളത്തിന് അനുസരിച്ച് തുള്ളുകയാണ് ഇഡിയെന്നു പറഞ്ഞ അദ്ദേഹം രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമാണ് നോട്ടീസ് പതിക്കലെന്ന് കൂട്ടിച്ചേർത്തു. നിയമപരമായും രാഷ്ട്രീയപരമായും ഇഡിയെ നേരിടുമെന്നും അദ്ദേഹം വ‍്യക്തമാക്കി. പിണറായി വിജയനോ കുടുംബമോ വീട്ടിൽ ഇല്ലായിരുന്ന സമയത്താണ് ഇഡി എത്തിയത്. വീട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ നോട്ടിസ് സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് വീടിനു മുന്നിലുള്ള തൂണില്‍ നോട്ടിസ് പതിപ്പിച്ചത്. തപാലിലും നോട്ടീസ് ഇട്ടു.

ഇഡി എത്തിയ വിവരം അറിഞ്ഞ് മുൻ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പടെയുള്ള നേതാക്കൾ വീട്ടിലെത്തി. ഇഡി സംഘം ആദ്യം എത്തിയപ്പോൾ പിണറായി വിജയൻ സ്ഥലത്തില്ലെന്നും കണ്ണൂരിലാണെന്നും അറിയിച്ചപ്പോൾ മടങ്ങിപ്പോവുകയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ തിരിച്ചുവന്ന ശേഷം സമന്‍സ് ഭിത്തിയില്‍ പതിക്കുകയാണെന്നും സാക്ഷി ഒപ്പിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ ഇതു സമ്മതിച്ചില്ല. ഇതോടെ തിരിച്ചുപോയ ഇഡി ഉദ്യോഗസ്ഥർ പൊലീസുകാരെയും കൂട്ടി തിരിച്ചുവന്ന് ബലമായി സമന്‍സ് പതിച്ചു മടങ്ങുകയായിരുന്നു.

വെള്ളിയാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ പിണറായി വിജയനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇഡി കേസിന് ആധാരമായ വിജിലൻസ് എഫ്ഐആർ ചോദ്യംചെയ്ത് പിണറായി വിജയൻ അടക്കമുള്ളവർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് ഇഡിയുടെ സമൻസ്. കേരളത്തിലെ പ്രതിപക്ഷ നേതാവ് നാടുവിട്ടു പോയ നേതാവൊന്നും അല്ലല്ലോയെന്ന് ശിവൻകുട്ടി ചോദിച്ചു. സമയമെടുത്ത് നോട്ടിസ് നേരിട്ട് കൊടുക്കാന്‍ കഴിയുമായിരുന്നല്ലോ. പിണറായി വേട്ടയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. സംസ്ഥാനസര്‍ക്കാരും അതിനു കൂട്ടുനില്‍ക്കുന്നതുകൊണ്ടാണ് പൊലീസുകാരെ അയച്ചിരിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.