എം.വി. ഗോവിന്ദൻ, ടി.ഐ. മധുസൂദനൻ
തിരുവനന്തപുരം: ധനരാജ് വധക്കേസിൽ വിധി വന്നതിനു പിന്നാലെ മുൻ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ നടത്തിയ കൊലവിളി പ്രസംഗം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഷ്ട്രീയ കൊലപാതകങ്ങൾ ഇനിയുണ്ടാകരുതെന്ന് തൃശൂർ സമ്മേളനത്തിൽ വ്യക്തമാക്കിയതാണെന്നും രാഷ്ട്രീയത്തിന്റെ വഴി കൊലപാതകമല്ല, ആശയത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതക രാഷ്ട്രീയം പാർട്ടി നിലപാടല്ലെന്നു പറഞ്ഞ ഗോവിന്ദൻ കൊലയ്ക്ക് പകരം കൊല എന്നത് അംഗീകരിക്കില്ലെന്ന് കൂട്ടിച്ചേർത്തു. മധുസൂദനന്റെ പ്രസംഗം പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായും പ്രസംഗം അനാവശ്യമായിരുന്നുവെന്നും സംസ്ഥാന സെക്രട്ടേറിയറ്റിലുള്ള ഒരു വിഭാഗം നേതാക്കൾ പറഞ്ഞു.
പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ടി.ഐ. മധുസൂദനൻ കൊലവിളി പ്രസംഗം നടത്തിയത്. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും അതിനു പാർട്ടിക്ക് മടിയില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ അധിക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നുമായിരുന്നു പ്രസ്താവന. ചീമേനിയിൽ 5 പേരെ ചുട്ടുകൊന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടെങ്കിലും അവരാരും ഇന്ന് ജീവനോടെയില്ലെന്നും മുൻ എംഎൽഎ പറഞ്ഞിരുന്നു.