പമ്പയിലേക്ക് 24 മണിക്കൂറും ഇലക്‌ട്രിക് ബസ്

 
Kerala

നിലയ്ക്കലിൽ മൾട്ടിലെവൽ കാർ പാർക്കിങ് വരും

പമ്പയിലേക്ക് 24 മണിക്കൂറും ഇലക്‌ട്രിക് ബസ്

Reena Varghese

സന്നിധാനം: തീർഥാടകർക്ക് നിലയ്ക്കലിൽ മൾട്ടിലെവൽ കാർ പാർക്കിങ് സൗകര്യം ഒരുക്കുമെന്ന് വനം മന്ത്രി ഷിബു ബേബിജോൺ. സോളാർ പവർ ഉപയോഗപ്പെടുത്തിയാകും മൾട്ടിലെവൽ പാർക്കിങ് സൗകര്യം പ്രവർത്തിക്കുകയെന്നും നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ദിവസം മുഴുവൻ ഇലക്‌ട്രിക് ബസ് സൗകര്യമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. അഴുതക്കടവിലെ പരമ്പരാഗത കാനന പാതയിലൂടെ എത്തുന്ന തീർഥാടകർക്ക് വനം വകുപ്പ് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്‌ട്രിക് ബസുകൾ സർവീസ് നടത്തുന്നതിലൂടെ പരിസ്ഥിതി സൗഹൃദം ഉറപ്പാക്കാൻ സാധിക്കും. ഹരിതോർജ സ്രോതസുകൾ ഉപയോഗിച്ചും വന സംരക്ഷണം ഉറപ്പാക്കിയും ശബരിമല തീർഥാടകർക്കായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. തീർഥാടകർ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പൂർണമായി ഒഴിവാക്കാൻ ശബരിമലയിൽ തിരുപ്പതി മോഡൽ പരീക്ഷിക്കുന്ന കാര്യം സർക്കാർ ആലോചിക്കുകയാണ്. ശബരിമലയിൽ സീസൺ അടുത്തെത്തുമ്പോൾ മാത്രം താത്കാലിക സൗകര്യമൊരുക്കി തീർഥാടനം സുഗമമാക്കുന്ന രീതി അവസാനിപ്പിക്കും. പകരം തീർഥാടകർക്കായി സ്ഥിരം സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും അതിനായി മണ്ഡല- മകരവിളക്ക് കാലം കഴിഞ്ഞാലുടൻ സർക്കാർ വിവിധ വകുപ്പുകളുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.