"എന്റെ കുഞ്ഞിനെ ഓർത്തുള്ള ആശങ്കയും മൂന്ന് കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട വിഷമവും എനിക്കുണ്ട്": പ്രതികരണവുമായി സുഹൈലിന്റെ അമ്മ
കൊച്ചി: നെടുമ്പാശേരി മിനികൂപ്പർ അപകടത്തിൽ പ്രതികരണവുമായി പ്രതി സുഹൈൽ സജീവിന്റെ അമ്മയും ഇഹ ഡിസൈൻസിന്റെ ഉടമയുമായ നൂഹാ സജീവ്. മൂന്ന് കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്. മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നത്. കേസിൽ സത്യസന്ധമായി അന്വേഷണം നടക്കട്ടെയെന്നും ഒട്ടേറെ അസത്യങ്ങൾ പ്രചരിക്കുകയാണെന്നും നൂഹ വിഡിയോയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ അമ്മയെന്ന നിലയിലും സ്ത്രീ എന്ന നിലയിലും എനിക്ക് പറയാനുള്ള കാര്യങ്ങൾക്ക് വേണ്ടിയാണ് വിഡിയോ ചെയ്യുന്നത്. മൂന്ന് വിലപ്പെട്ട കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്. മക്കളെ സ്നേഹത്തോടെ വളർത്തി വലുതാക്കി, അവരുടെ സ്വപ്നങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ഇടയ്ക്കുവെച്ച് അവരെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറമാണ്. എന്റെ വാക്കുകൾ അവരുടെ ദുഃഖം കുറയ്ക്കില്ലെന്ന് അറിയാം. എങ്കിലും കുഞ്ഞുങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുന്നു.
സോഷ്യൽ മീഡിയയിൽ തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന അസത്യപ്രചരണങ്ങളിലും നൂഹ പ്രതികരിച്ചു. ഞങ്ങളോട് ദേഷ്യവും വിദ്വേഷവും തോന്നുമെന്നറിയാം. ഇത്രയും ദുഷ്കരമായ അവസ്ഥയിൽ കുറച്ച് സ്വകാര്യത എനിക്കും എന്റെ കുടുംബത്തിനും നൽകണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്. നാലുപേരടങ്ങുന്ന കുടുംബമാണ് എന്റേത്. സാധാരണ മനുഷ്യരാണ്. എന്റെ കുഞ്ഞിനെ ഓർത്തുള്ള ആശങ്ക ഒരു വശത്തുണ്ട്. അതേപോലെത്തന്നെ മൂന്ന് കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട വിഷമവും എനിക്കുണ്ട്. ഇതിന് രണ്ടിനും ഇടയിലൂടെയാണ് ഞാൻ പോകുന്നത്. ഇത്രയും ദിവസം എഴുന്നേറ്റിരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. അത്രയും ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്- നൂഹ കൂട്ടിച്ചേർത്തു.
അമ്മ എന്ന നിലയിലും സംരംഭക എന്ന നിലയിലും അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തോടുള്ള പിന്തുണ അറിയിക്കുകയാണെന്നു നൂഹ പറഞ്ഞു. ഞങ്ങൾ ഉള്ളിടത്തോളം കാലം ആ കുടുംബങ്ങളെ പിന്തുണയ്ക്കും. ആരുടേയും വേദന കുറച്ചുകാണിക്കാനോ കൂട്ടിക്കാണിക്കാനോ അല്ല. എന്റെ നിസഹായാവസ്ഥയാണ്. ഞങ്ങൾക്ക് നാലുപേർക്കും ഇനിയൊരു ജീവിതമുണ്ട്. - നൂഹ പറഞ്ഞു.