നെടുമ്പാശേരി വാഹനാപകടം; കുറ്റപത്രം തയാറാക്കി അന്വേഷണ സംഘം, സുഹൈലിനെതിരേ നരഹത‍്യ കൂടാതെ മറ്റു വകുപ്പുകൾ ചുമത്തി
കൊച്ചി: നെടുമ്പാശേരി വാഹനാപകടക്കേസിൽ കുറ്റപത്രം തയാറാക്കി അന്വേഷണ സംഘം. കേസിലെ പ്രതിയായ സുഹൈൽ സജീവിനെതിരേ നരഹത‍്യ കൂടാതെ മറ്റു വകുപ്പുകൾ ചുമത്തി. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. വാഹനാപകടം നടന്ന് ഒരു മാസം പൂർത്തിയാകുമ്പോഴാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
അപകട സമയത്ത് സുഹൈൽ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസിന്‍റെ രക്തപരിശോധനയിലും കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിലും തെളിഞ്ഞിരുന്നു.
ഒക്റ്റോബർ 11ന് എയർപോർട്ട് റോഡിൽ അത്താണി സിഗ്നൽ ജങ്ഷന് സമീപത്തായിരുന്നു അപകടം. സുഹൈൽ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ ഒരു യുവാവും രണ്ട് യുവതികളുമാണ് മരിച്ചത്. ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21), കൽപ്പറ്റ സ്വദേശിനി ദേവിക (21) എന്നിവരാണ് മരിച്ചവർ.