നെടുമ്പാശേരി അപകടം: 19 കാരന് മദ്യം നൽകിയ ബാറുകളും കുടുങ്ങും, കേസെടുക്കാൻ നിർദേശിച്ച് മന്ത്രി

 
Kerala

നെടുമ്പാശേരി അപകടം: 19 കാരന് മദ്യം നൽകിയ ബാറുകളും കുടുങ്ങും, കേസെടുക്കാൻ നിർദേശിച്ച് മന്ത്രി

വണ്ടിയോടിച്ച സുഹൈൽ സജീവ് വിവിധ ബാറുകളിൽ നിന്നായി മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയതോടെയാണ് നടപടി

Manju Soman

കൊച്ചി: നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതിയായ 19 കാരന് മദ്യം നൽകിയ ബാറുകൾക്കെതിരേ കേസെടുക്കാൻ നിർദേശം നൽകി എക്സൈസ് മന്ത്രി എം. ലിജു. അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായത്. വണ്ടിയോടിച്ച സുഹൈൽ സജീവ് വിവിധ ബാറുകളിൽ നിന്നായി മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

കേരളത്തിലെ നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. 19 കാരന് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾ തിരിച്ചറിഞ്ഞ് കേസെടുക്കാനാണ് മന്ത്രി നിർദേശിച്ചത്. ഇത് സംബന്ധിച്ച് എക്സൈസ് കമ്മിഷണർക്കും എറണാകുളം ജോയിന്‍റ് എക്സൈസ് കമ്മിഷണർക്കും മന്ത്രി നിർദേശം നൽകി.

ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മദ്യലഹരിയിൽ സുഹൈൽ ഓടിച്ച മിനികൂപ്പർ ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മൂന്ന് വിദ്യാർഥികളാണ് മരിച്ചത്. ഇയാൾക്കെതിരേ പൊലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. നെടുമ്പാശേരിയിലേക്കുള്ള യാത്രയിൽ യുവാവ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നു. ഇതിന്‍റെ വിഡിയോയും ഫോണിൽ ചിത്രീകരിച്ചിരുന്നു. സുഹൈൽ മറ്റ് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.