സുഹൈൽ സജീവ്
കൊച്ചി: നെടുമ്പാശേരിയിൽ 3 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസ് പ്രതി സുഹൈൽ സജീവിനെ എക്സൈസ് അറസ്റ്റു ചെയ്തു. 23 വയസാവും മുൻപ് മദ്യപിച്ചു എന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് കേസെടുത്ത് അറസ്റ്റിലേക്ക് കടന്നത്.
അനുവദനീയമായതിലും 5 ഇരട്ടി മദ്യം സുഹൈലിന്റെ ശരീരത്തിലുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. നിലവിൽ ജാമ്യത്തിലുള്ള സുഹൈലിനെ വിളിച്ചുവരുത്തി അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് ജാമ്യത്തിൽ വിട്ടു.
അബ്കാരി നിയമത്തിലെ 15എ വകുപ്പ് അനുസരിച്ച് കേസ് എടുത്തിരിക്കുന്നത്. നിയമപ്രകാരം 23 വയസിൽ താഴെയുള്ളവർ മദ്യപിക്കാൻ പാടില്ല. അപകടം നടന്നതിനു പിന്നാലെ തന്നെ എക്സൈസ് വിവരങ്ങൾ തേടിയിരുന്നു. അപകടം നടന്ന അന്ന് സുഹൈൽ 3 ബാറുകളിൽ നിന്ന് മദ്യപിച്ചിരുന്നതായാണ് വിവരം.
ഒക്റ്റോബർ 11നാണ് നെടുമ്പാശേരി വിമാനത്താവള റോഡിൽ മിനികൂപ്പർ അപകടമുണ്ടായത്. സുഹൈൽ ഓടിച്ചിരുന്ന ആഡംബര കാർ സ്കൂട്ടറിലിടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ഇയാസ്, ദേവിക, ഗോപിക എന്നിവർ മരിച്ചിരുന്നു.