പ്രതി സുഹൈൽ
കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസിലെ പ്രതിയായ 19കാരൻ സുഹൈൽ സജീവ് ജാമ‍്യാപേക്ഷ സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ‍്യാപേക്ഷ നൽകിയത്. മറ്റനാൾ ജാമ‍്യഹർജി പരിഗണിക്കും.
പ്രതിയും സുഹൃത്തുക്കളും നിലവിൽ റിമാൻഡിലാണ്. മദ‍്യലഹരിയിലാണ് പ്രതി വാഹനമോടിച്ചിരുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
പ്രതിക്ക് ജാമ‍്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഒക്റ്റോബർ 11ന് പുലർച്ചെ രണ്ട് മണിയോടെയാണ് നെടുമ്പാശേരി വാളേപ്പുറം അംഗനവാടിക്ക് എതിർവശത്തുള്ള റോഡിൽ സുഹൈൽ ഓടിച്ച മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരണപ്പെട്ടത്. വയനാട് സ്വദേശി ദേവിക (21), പാലക്കാട് സ്വദേശി ഗോപിക (22), കർണാടക സ്വദേശി ഇയാസ് (21) എന്നിവർക്കാണ് ജീവൻ നഷ്ടമായത്.
വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ‍്യങ്ങളും ഇതിനു പിന്നാലെ സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഓൺലൈൻ വസ്ത്രവ‍്യാപാര സ്ഥാപനമായ ഇഹ ഡിസൈൻസിന്‍റെ ഉടമയാണ് സുഹൈലിന്‍റെ കുടുംബം. പിതാവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കാറെന്നാണ് റിപ്പോർട്ടുകൾ. വണ്ടിയോടിച്ച സുഹൈൽ സജീവ് വിവിധ ബാറുകളിൽ നിന്നായി മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിരുന്നു.
കേരളത്തിലെ നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. 19 കാരന് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾ തിരിച്ചറിഞ്ഞ് കേസെടുക്കണമെന്ന് മന്ത്രി നിർദേശവും നൽകിയിരുന്നു. പ്രതിയെ പൊലീസ് രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മരണപ്പെട്ട ഗോപികയുടെ കുടുംബവും രംഗത്തെത്തിയിരുന്നു. ഗുരുതരമായ കുറ്റകൃത‍്യം നടത്തിയിട്ടും പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതിൽ കുടുംബം പരാതിയറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ നിയമപ്രകാരം കോടതിയാണ് പ്രതിയെ ബോസ്റ്റൽ സ്കൂളിൽ റിമാൻഡ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ‍്യക്തമാക്കിയിട്ടുണ്ട്.