നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടം; സുഹൈലിനും കൂട്ടുപ്രതികൾക്കും ജാമ്യം നിഷേധിച്ചു

 
Kerala

നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടം; സുഹൈലിനും കൂട്ടുപ്രതികൾക്കും ജാമ്യം നിഷേധിച്ചു

എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്

Sarath Nath MS

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈലിനും മറ്റു മൂന്ന് പ്രതികൾക്കും കോടതി ജാമ്യം നിഷേധിച്ചു. എറണാകുളം ജില്ലാ അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രതികൾ ബോസ്റ്റൽ സ്കൂളിൽ തുടരും.

നിനവ്, ജോയൽ, അമീർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ച സുഹൈലിനെ തടയാൻ ശ്രമിച്ചില്ലെന്നതാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. നാല് പ്രതികളുടെയും ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് പ്രതികൾ സെഷൻസ് കോടതിയെ സമീപിച്ചത്. അപകട സമയത്ത് സുഹൈൽ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസിന്‍റെ രക്തപരിശോധനയിലും കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിലും തെളിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഒക്റ്റോബർ 11ന് എയർപോർട്ട് റോഡിൽ അത്താണി സിഗ്നൽ ജങ്ഷന് സമീപത്തായിരുന്നു അപകടം. സുഹൈൽ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ ഒരു യുവാവും രണ്ട് യുവതികളുമാണ് മരിച്ചത്. ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21), കൽപ്പറ്റ സ്വദേശിനി ദേവിക (21) എന്നിവരാണ് മരിച്ചവർ.

കേസിൽ അറസ്റ്റിലായ പ്രതികളെ ബോസ്റ്റൽ സ്കൂളിലേക്കാണ് മാറ്റിയത്. ഇതിനെതിരേ വിമർശനം ഉ‍യർന്നിരുന്നു. തുടർ‌ന്ന് ഇവിടെ നിന്ന് ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ അധികൃതർ ശുപാർശ നൽകിയെങ്കിലും കോടതി തള്ളിയിരുന്നു.