സുഹൈൽ സജീവ്
കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസിലെ പ്രതിയും 19കാരനുമായ സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കടവന്ത്രയിലെ ദയ ബാർ, പാലാരിവട്ടത്തെ മൺസൂൺ എംപ്രസ്സ് ബാർ, നെടുമ്പാശേരിയിലെ മാരിയറ്റ് ഹോട്ടൽ ബാർ എന്നിങ്ങനെ മൂന്നു ബാറുകളുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
സുഹൈലും സുഹൃത്തുക്കളും ഈ മൂന്നു ബാറുകളിൽ നിന്നും മദ്യം കഴിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അബ്കാരി ആക്റ്റ് സെഷൻ 26 ബി പ്രാകാരം നടപടിയെടുത്തിരിക്കുന്നത്. മൂന്നു ബാറുകൾക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.
15 ദിവസത്തിനുള്ളിൽ മറുപടി നൽകണണമെന്നാണ് നിർദേശം. അല്ലാത്ത പക്ഷം ബാറുകളുടെ ലൈസൻസ് ക്യാൻസൽ ചെയ്യുന്ന നടപടികളിലേക്ക് കടക്കുമെന്ന കാര്യം എക്സൈസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കേരളത്തിലെ നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഒക്റ്റോബർ 11ന് പുലർച്ചെ രണ്ട് മണിയോടെയാണ് നെടുമ്പാശേരി വാളേപ്പുറം അംഗനവാടിക്ക് എതിർവശത്തുള്ള റോഡിൽ സുഹൈൽ ഓടിച്ച മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരണപ്പെട്ടത്.
വയനാട് സ്വദേശി ദേവിക (21), പാലക്കാട് സ്വദേശി ഗോപിക (22), കർണാടക സ്വദേശി ഇയാസ് (21) എന്നിവർക്കാണ് ജീവൻ നഷ്ടമായത്. വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ഇഹ ഡിസൈൻസിന്റെ ഉടമയാണ് സുഹൈലിന്റെ കുടുംബം. പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറെന്നാണ് റിപ്പോർട്ടുകൾ.