വി.ഡി. സതീശൻ

 
Kerala

യുഡിഎഫിന് വോട്ട് ചെയ്ത ഒരാളും നിരാശരാകില്ല; ആരുടെയും മുന്നിൽ തലകുനിക്കേണ്ടി വരില്ല: മുഖ്യമന്ത്രി വി.ഡി. സതീശൻ

കഴിഞ്ഞ ആറ് മാസത്തിനിടെ യുഡിഎഫ് ഭരണകൂടം കേരളത്തിന്‍റെ പ്രതീക്ഷകൾക്ക് ചിറകുനൽകുകയും വികസനത്തിനായി പുതിയ വഴികൾ തുറക്കുകയും ചെയ്തതായി ബുധനാഴ്ച എക്സിൽ പങ്കുവച്ച കുറിപ്പിൽ മുഖ്യമന്ത്രി

Sarath Nath MS

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറ് മാസം പൂർത്തിയാക്കുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്ക് വോട്ട് ചെയ്ത ഒരാളും നിരാശരാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. യുഡിഎഫിന് വോട്ട് ചെയ്തതിന്‍റെ പേരിൽ ആരുടെയും മുന്നിൽ തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആറ് മാസത്തിനിടെ യുഡിഎഫ് ഭരണകൂടം കേരളത്തിന്‍റെ പ്രതീക്ഷകൾക്ക് ചിറകുനൽകുകയും വികസനത്തിനായി പുതിയ വഴികൾ തുറക്കുകയും ചെയ്തതായി ബുധനാഴ്ച എക്സിൽ പങ്കുവച്ച കുറിപ്പിൽ സതീശൻ പറഞ്ഞു. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്‍റെ കരുത്തിലാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങൾ യുഡിഎഫിൽ അർപ്പിച്ച വിശ്വാസം കേവലം രാഷ്ട്രീയ ഉത്തരവാദിത്തം മാത്രമല്ലെന്നും മുന്നണിയിൽ ജനങ്ങൾക്കുള്ള പ്രതീക്ഷയുടെ പുതിയ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. ''യുഡിഎഫിന് വോട്ട് ചെയ്തതിന്‍റെ പേരിൽ ഒരാളും നിരാശരാകേണ്ടിവരില്ലെന്ന് ഒരിക്കൽക്കൂടി ആവർത്തിക്കുന്നു. ആരുടെയും മുന്നിൽ തലകുനിക്കേണ്ടിയും വരില്ല''- സതീശൻ കുറിച്ചു.

'പുതുയുഗം കേരളം' എന്ന സ്വപ്നം കേവലം ഒരു ആശയമല്ലെന്നും ഇച്ഛാശക്തിയും കൂട്ടായ പരിശ്രമവുംകൊണ്ട് യാഥാർഥ്യമാക്കാൻ കഴിയുന്ന ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ യാത്രയിൽ സർക്കാർ മുൻനിരയിലുണ്ടാകുമെന്നും ജനങ്ങളുടെ പിന്തുണ അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങൾക്ക് അവരുടെ പ്രതീക്ഷകളും നിർദേശങ്ങളും വിമർശനങ്ങളും പങ്കുവയ്ക്കാം. പരസ്പരം പറയുന്നത് കേട്ടും സ്വപ്നങ്ങൾ പങ്കുവച്ചും എല്ലാവർക്കും ഒരുമിച്ച് മുന്നോട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.

''ഇന്നത്തേക്കാൾ മനോഹരമായിരിക്കും നാളത്തെ കേരളം. നമുക്ക് ഒരുമിച്ച് നടക്കാം''- മുഖ്യമന്ത്രി കുറിച്ചു.