നാട്ടിക ടോൾ പിരിവിന് സ്റ്റേ ഇല്ല; നവംബർ നാലിന് വീണ്ടും പരിഗണിക്കും: ഹൈക്കോടതി

 
Kerala

നാട്ടികയിൽ ടോൾ പിരിവ് തുടരും; സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി

ടോൾ പിരിവ് സംബന്ധിച്ച് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ കേന്ദ്ര ഗതാഗത മന്ത്രാലയം, ദേശീയപാത അതോറിറ്റി, കേരള സർക്കാർ എന്നിവരോട് കോടതി വിശദീകരണം തേടി

Sarath Nath MS

കൊച്ചി: ദേശീയപാത 66ൽ തൃശൂർ ജില്ലയിലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തടയണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളി. റോഡിന്‍റെ പൂർത്തിയായ ഭാഗത്ത് മാത്രമാണ് ടോൾ പിരിക്കുന്നത് എന്ന ദേശീയപാത അതോറിറ്റിയുടെയും കേന്ദ്ര സർക്കാരിന്‍റെയും വിശദീകരണം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ നടപടി.

ടോൾ പിരിവ് സംബന്ധിച്ച് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ കേന്ദ്ര ഗതാഗത മന്ത്രാലയം, ദേശീയപാത അതോറിറ്റി, കേരള സർക്കാർ എന്നിവരോട് കോടതി വിശദീകരണം തേടി. കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കും.

തൃശൂർ ജില്ലയിലെ കാപ്പിരിക്കാട്–കൊടുങ്ങല്ലൂർ പാതയുടെ 60 കിലോമീറ്ററിൽ 51 കിലോമീറ്ററും പൂർത്തിയായതായി ദേശീയപാത അതോറിറ്റിക്കും കേന്ദ്ര ഗതാഗത മന്ത്രാലയത്തിനും വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഒരു ഫ്ലൈഓവറും രണ്ട് വയഡക്ടുകളും മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളത്. പൂർത്തിയായ ഭാഗത്താണ് ടോൾ പിരിവ് നടത്തുന്നതെന്നും അവർ വ്യക്തമാക്കി. പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ച് 45 ദിവസത്തിനകം ടോൾ പിരിവ് ആരംഭിക്കണമെന്നാണ് വ്യവസ്ഥയെന്നും പദ്ധതി പൊതുപണം ഉപയോഗിച്ചാണ് നടപ്പാക്കുന്നതെന്നും കേന്ദ്രത്തിന്‍റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

പൂർത്തിയായ 51 കിലോമീറ്റർ പാത ജനങ്ങൾ ഇതിനകം ഉപയോഗിക്കുകയും അതിന്‍റെ പ്രയോജനം ലഭിക്കുകയും ചെയ്യുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇടക്കാല സ്റ്റേ അനുവദിച്ചില്ല. പാതയുടെ മുഴുവൻ ഭാഗവും പൂർത്തിയാകുന്നതിന് മുൻപ് ടോൾ പിരിവ് ആരംഭിച്ചെന്നാരോപിച്ച് പി.കെ. അനിൽ കുമാർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി നടപടി.

ടോൾ പിരിവിനെതിരേ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നാട്ടിക ടോൾ പ്ലാസയിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചൊവ്വാഴ്ച നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ തീരുമാനത്തിലെത്താൻ എല്ലാ ബന്ധപ്പെട്ട കക്ഷികളുമായും ചർച്ച നടത്താൻ ജില്ലാ കലക്റ്റർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ജനങ്ങളുടെ പരാതികൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.