പാലക്കാട്: സംസ്ഥാനത്ത് നിലവിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അമിത ഉപയോഗം മൂലം ട്രാൻസ്ഫോർമറുകൾ തകരാറിലാകുന്നതാണ് വൈദ്യുതി തടസത്തിന് കാരണം എന്നാണ് മന്ത്രി പറയുന്നത്. ഓവർലോഡ് ആകുമ്പോൾ ട്രിപ്പ് ആകുന്ന സാഹചര്യമാണ് ഉള്ളത്.
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് മന്ത്രി പറയുന്നത്. ഒരു മിനിറ്റ് നാല് വീട്ടുകാർ വൈദ്യുതി ഉപയോഗം കുറച്ചാൽ ട്രിപ്പ് ആകുന്നത് ഒഴിവാക്കാനാകും. വൈകുന്നേരത്തെ പീക്ക് അവറുകളിൽ ഹീറ്റർ, വാഷിങ് മെഷീൻ തുടങ്ങിയ വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. പ്രതിപക്ഷം ഈ കാര്യത്തിൽ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് രാത്രി കാലങ്ങളിൽ അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങ് ഏർപ്പെടുത്തിയതായി ആരോപണമുണ്ട്. രാത്ര സമയത്ത് 10.- 15 മിനിറ്റ് നേരമാണ് വൈദ്യുതി വിച്ഛേദിക്കപ്പെടുന്നത്. പിന്നാലെ സർക്കാരിനെതിരേ വിമർശനം രൂക്ഷമാവുകയാണ്. എന്നാൽ ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണ് എന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.