Kerala

'അരിക്കൊമ്പനെന്നല്ല' ഒരാനയും അരി തിന്നില്ല (Video)

അജയൻ

പ്രസിദ്ധമായൊരു പരസ്യവാചകമുണ്ട് 'ബൂസ്റ്റ് ഇസ് ദി സീക്രട്ട് ഒഫ് മൈ എനർജി'...അതിൽ ചെറിയൊരു മാറ്റം വരുത്തി 'അരിയാണ് എന്‍റെ ഊർജത്തിന്‍റെ രഹസ്യമെന്നാക്കിയാൽ' അതേറ്റവും നന്നായി ചേരുന്നത് അരിക്കൊമ്പനെന്ന് വിളിക്കുന്ന കാട്ടാനയ്ക്കാണെന്നു വിശ്വസിക്കുന്നവരായിരിക്കും ഭൂരിപക്ഷവും. പക്ഷേ യാഥാർഥ്യം ഇതിൽ നിന്നെല്ലാം ഏറെ വിഭിന്നമാണ്. അരിക്കൊമ്പനെന്നല്ല ഒരാനയും വേ‌വിക്കാത്ത അരി ഭക്ഷിച്ച ചരിത്രമില്ലെന്നാണ് വന്യജീവി വിദഗ്ധർ പറയുന്നത്.

മൂന്നാറിലെ ചിന്നക്കനാലിൽ നിന്ന് മയക്കുവെടി വച്ചു പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയ അരിക്കൊമ്പൻ ഇപ്പോഴുള്ളത് മേഘമലയിലാണ്. ഏതാണ്ട് ചിന്നക്കനാലിനോട് സാദൃശ്യമുള്ള പ്രദേശമാണ് മേഘമലയും. ചിന്നക്കനാലിലെന്നതു പോലെ മേഘമലയോടു ചേർന്ന മണലാർ എസ്റ്റേറ്റിലെ പൊതു വിതരണ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തെ അരിക്കൊമ്പൻ ആക്രമിച്ചുവെന്നതാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന റിപ്പോർട്ട്. ആന അരി തേടിയെത്തിയെന്ന ഊഹത്തിലേക്ക് എത്താൻ അധികസമയം വേണ്ടി വന്നില്ല. എന്നാൽ അതിലെ യാഥാർഥ്യത്തെക്കുറിച്ച് മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ മെട്രൊ വാർത്തയോട് പറയുന്നു.

വനത്തിലൂടെയുള്ള യാത്രകൾക്കിടെ ആന ചില കെട്ടിടങ്ങൾ തകർത്തിട്ടുണ്ട്. അതിൽ പലചരക്കു കടകളും ഉൾപ്പെടുന്നുണ്ടെന്നു മാത്രം. അതല്ലാതെ ആന ഇതു വരെ മനുഷ്യന്മാരെ ആക്രമിച്ചതായി റിപ്പോർട്ടുകളില്ല. പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങളെയും കടകളെയുമാണ് ആന സാധാരണയായി ആക്രമിക്കാറുള്ളത്. ദിവസങ്ങൾ നീണ്ട യാത്രയ്ക്കിടയിൽ മനുഷ്യവാസമുള്ള പ്രദേശങ്ങളിലെത്തുമ്പോൾ അത്തരം സംഭവങ്ങൾ ധാ‌രാളമായി ഉണ്ടാകാറുമുണ്ട്. മേഘമലയിലും അതു തന്നെയാണ് സംഭവിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു.

അരി മാത്രം ഭക്ഷിച്ച് ഒരാനയ്ക്കും ജീവിക്കാനാകില്ലെന്ന് വനം വന്യജീവി വിദഗ്ധൻ ഡോ. പി എസ് ഈസ മെട്രൊ വാർത്തയോട് പറയുന്നു. സാധാരണയായി ആനകൾക്ക് ഉപ്പിനോടും ശർരക്കരയോടും പ്രിയം ഉണ്ടാകാറുണ്ട്. പക്ഷേ അരിയോട് പ്രിയം തോന്നിയ സംഭവം ഇതു വരെ ഉണ്ടായിട്ടില്ല. അതു മാത്രമല്ല അരിക്കൊമ്പനെന്നു കുപ്രസിദ്ധനായ ആനയുടെ വിസർജ്യത്തിൽ നിന്ന് ഇതു വരെ അരി ഭക്ഷിച്ചുവെന്ന് തെളിയിക്കുന്ന യാതൊന്നും കണ്ടെത്താനും സാധിച്ചിട്ടില്ല. എല്ലാവരും പറയുന്നതും വിശ്വസിക്കുന്നതും പോലെ കാട്ടാന അരി തിന്നാറില്ലെന്നതിന് ഏറ്റവും വലിയ തെളിവ് അതു തന്നെയാണെന്ന‌ും അദ്ദേഹം പറയുന്നു. നാട്ടാനകൾക്ക് സാധാരണയായി ശർക്കരയും വേവിച്ച അരിയും കൊടുക്കാറുണ്ട്. പക്ഷേ വേവിക്കാത്ത അരി ആനകൾക്ക് ദഹിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു.

'അരിക്കൊമ്പൻ' എന്നു കുപ്രസിദ്ധനായ ആനയെ പറമ്പിക്കുളം കടുവാ സങ്കേതത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേ ഉണ്ടായ പ്രതിഷേധങ്ങളും സംശയകരമാണെന്ന് ഡോ. ഈസ പറയുന്നു. തമിഴ്നാട്ടിൽ നിന്നും പിടി കൂടി റേഡിയോ കോളർ ഘടിപ്പിച്ച് എത്തിച്ച ആനകൾ ഇപ്പോഴും പറമ്പിക്കുളത്ത് സ്വൈരവിഹാരം നടത്തുന്നുണ്ട്. കോയമ്പത്തൂരിൽ നിന്ന് അണ്ണാമലൈ റേഞ്ചുകളിലേക്ക് മാറ്റിയ ആനകളും കേരളത്തിലെ വനപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്. അതിനെതിരെയൊന്നും അവിടെ താമസിക്കുന്നവർ ഇതു വരെ യാതൊരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. പക്ഷേ അരിക്കൊമ്പനെ എത്തിക്കുന്നുവെന്ന വാർത്തയ്ക്കു പുറകേ പറമ്പിക്കുളത്ത് വലിയ പ്രതിഷേധങ്ങൾ ഉയർന്നു. അതിനു പിന്നിൽ ഗൂഢോദ്ദേശമുണ്ടെണ്ടെന്നും അദ്ദേഹം പറയുന്നു.

വാൽപ്പാറ മേഖലയിൽ ആനകൾ കടകൾ ആക്രമിക്കുന്ന സംഭവങ്ങൾ ധാരാളമായി ഉണ്ടാകാറുണ്ട്. പക്ഷേ അതൊന്നും വലിയ വാർത്തകളായി മാറാറില്ല. ദിവസങ്ങളോളമെടുത്ത് ആനകൾ ദീർഘദൂരം സഞ്ചരിക്കുന്നതിനിടെ ഇത്തരം സംഭവങ്ങൾ സാധാരണയാണ്.ചിന്നക്കനാലിൽ നിന്ന് കാട്ടാനയെ പിടികൂടാനായി കുംകിയാനകളുമായി എത്തുന്ന സമയത്ത് കാട്ടാന സന്തോഷവാനായി കാട്ടു പുല്ല് ഭക്ഷിക്കുന്ന ഒരു വിഡിയോയും ശ്രദ്ധേയമാണെന്ന് ഈസ പറയുന്നു. ''ആന കാട്ടു പുല്ല് ഭക്ഷിച്ചാണ്, ‌അല്ലാതെ അരി തിന്നല്ല ജീവിക്കുന്നത്''.

ആദ്യകാലങ്ങളിൽ വന്യജീവികളുടെ സ്വൈരവിഹാരം ഉറപ്പാക്കുന്നതിനായി തമിഴ്നാട്ടിലെ ലോവർക്യാംപ് വഴി പിടിആർ- ചിന്നക്കനാൽ പാസേജ് ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ റോഡു നിർമാണവും റിസോർട്ടുകളുടെയും മതിലുകളുടെയും നിർമാണവും മൂലം ചിന്നക്കനാലിലെ ആനകൾ ചെറിയൊരു പ്രദേശത്ത് ഒതുങ്ങിക്കൂടേണ്ട സാഹചര്യമാണുണ്ടായത്.

കാട്ടാനയെക്കുറിച്ച് ഭീതിജനകമായ കഥകൾ പറഞ്ഞു പരത്തി പ്രശ്നക്കാരനാണെന്ന് വിശ്വസിപ്പിച്ച് പിടി കൂടി കുംകിയാനയാക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായിരുന്നുവെന്ന് വനം വകുപ്പിലെ നിരവധി പേർ വിശ്വസിക്കുന്നതു പോലെ ഈസയും കരുതുന്നു. ആ ശ്രമങ്ങളാണ് ആനയെ പിടികൂടി പെരിയാറിലേക്കു മാറ്റുന്നതിൽ കലാശിച്ചത്.തമിഴ്നാടെന്നും കേരളമെന്നുമൊക്കെയുള്ള അതിർത്തികളെല്ലാം മനുഷ്യർക്ക് മാത്രമേ ഉള്ളൂ. വനത്തിലെ ആനകൾക്ക് അതൊന്നും പ്രശ്നമല്ല. അവർ എല്ലാ മേഖലകളിലേക്കും പ്രവേശിക്കുമെന്ന് പറയുന്നു മറ്റൊരു വനം വകുപ്പ് ഉദ്യോഗസ്ഥൻ.

വൈദ്യുതി തകരാർ: എറണാകുളത്ത് മണിക്കൂറുകളാ‍യി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു

റായ്ബറേലിയിൽ തോൽക്കുമ്പോൾ രാഹുൽ ഇറ്റലിയിലേക്കു പോകും: അമിത് ഷാ

എറണാകുളത്തും ഇടുക്കിയിലും ശക്തമായ മഴ: കരുണാപുരത്ത് മരം കടപുഴകി വീണ് വീട് തകർന്നു

കശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ കാ​ലം ചെ​യ്തു