G. Sukumaran Nair 

File

Kerala

സതീശനെ തെരഞ്ഞെടുത്തത് ജനാധിപത്യവിരുദ്ധം: എൻഎസ്എസ്

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം ജനാധിപത്യവിരുദ്ധമെന്ന് ജി. സുകുമാരൻ നായർ; മുസ്ലിം ലീഗിന് കീഴടങ്ങിയെന്നും ആരോപണം

Local Desk

കോട്ടയം: മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിനെതിരേ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശനെ തെരഞ്ഞെടുത്തത് ജനാധിപത്യ വിരുദ്ധമാണ്. മുസ്ലിം ലീഗിനു കോൺഗ്രസ് കീഴടങ്ങിയെന്നും, രമേശ് ചെന്നിത്തലയെ ഹൈക്കമാൻഡ് തുടർച്ചയായി അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജനാധിപത്യ മര്യാദകളോ കീഴ്‌വഴക്കങ്ങളോ പാലിക്കാതെയുള്ള തീരുമാനമാണ് വി.ഡി. സതീശന്‍റെ കാര്യത്തിൽ ഉണ്ടായത്. ഈ തീരുമാനമായിരുന്നു ഹൈക്കമാൻഡ് എടുക്കുന്നതെങ്കിൽ ജനങ്ങളെ ഇത്രയും കഷ്ടപ്പെടുത്തേണ്ട ആവശ്യമില്ലായിരുന്നുവെന്നും ജി. സുകുമാരൻ നായർ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് മാധ്യമങ്ങളോടു പറഞ്ഞു.

എംഎൽഎമാരുടെ ഭൂരിപക്ഷം നോക്കി മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് പറഞ്ഞിട്ട് ഘടകകക്ഷികളുടെ സമ്മർദത്തിനു വഴങ്ങിയതെന്തിനാണ്? മുൻപ് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിൽ മുസ്ലിം ലീഗാണ് പ്രധാനമായും സമ്മർദം ചെലുത്തിയത്.ലീഗിനു കോൺഗ്രസ് കീഴടങ്ങിയതിന്‍റെ സൂചനയാണിത്. ഭരണത്തിലും ലീഗ് പിടിമുറുക്കുമെന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

മാനദണ്ഡങ്ങൾ നോക്കിയാൽ ചെന്നിത്തലയായിരുന്നു മുന്നിൽ നിൽക്കേണ്ടിയിരുന്നത്. സതീശൻ നിലപാടുകളുടെ രാജകുമാരൻ എന്നത് പുതിയ കണ്ടുപിടുത്തമാണ്. രാജാവില്ലാത്ത കാലത്തെ രാജകുമാരനാണ് സതീശനെന്നും അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സതീശനെ എൻഎസ്എസ് സഹായിച്ചിരുന്നു. എന്നാൽ, ജയിച്ചു കഴിഞ്ഞപ്പോൾ മതനേതാക്കളുടെ തിണ്ണ നിരങ്ങരുത് എന്ന നിലപാടാണ് സതീശൻ എടുത്തത്. അതുകൊണ്ടാണ് ഇത്തവണ എൻഎസ്എസ് സമദൂര നിലപാട് എടുത്തതെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് മുൻപും എൻഎസ്എസ് ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ, ഇത്തവണയും ലീഗിനു തന്നെ വകുപ്പ് നൽകുന്ന സ്ഥിതിയാണ്. ഇത് വർഗീയത രൂക്ഷമാകാൻ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പട നയിച്ചവൻ ഭരിക്കും; വി.ഡി. സതീശൻ മുഖ്യമന്ത്രി

കെസിയും ആർസിയും സഹായിച്ചു: സതീശൻ

രമേശ് ചെന്നിത്തലയ്ക്കും സുകുമാരൻ നായർക്കും അതൃപ്തി

ഹൈക്കമാൻഡ് തീരുമാനം ശിരസാ വഹിക്കുന്നു: കെ.സി. വേണുഗോപാൽ

ജൂൺ 1 മുതൽ സ്കൂളുകളിൽ ആധാർ ക്യാംപെയ്ൻ