അനുമതിയില്ലാതെ ഫോൺ നമ്പർ ഉപയോഗിച്ചു; 'ഓഫീസർ ഓൺ ഡ്യൂട്ടി' ചിത്രത്തിന്‍റെ നിർമാതാവിനും നെറ്റ്ഫ്ലിക്സിനുമെതിരേ കേസ്

 
Kerala

അനുമതിയില്ലാതെ ഫോൺ നമ്പർ ഉപയോഗിച്ചു; 'ഓഫീസർ ഓൺ ഡ്യൂട്ടി' ചിത്രത്തിന്‍റെ നിർമാതാവിനും നെറ്റ്ഫ്ലിക്സിനുമെതിരേ കേസ്

എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് എറണാകുളം സെൻട്രൽ പൊലീസിന് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്

Namitha Mohanan

കുഞ്ചാക്കോ ബോബൻ നായകനായെത്തി ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയിൽ കണ്ണൂർ സ്വദേശിയുടെ മൊബൈൽ ഫോൺ അനുമതിയില്ലാതെ ഉപയോഗിച്ച സംഭവത്തിൽ നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനും നെറ്റ്ഫ്ലിക്സിനുമെതിരേ കേസെടുക്കാൻ നിർദേശം. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് എറണാകുളം സെൻട്രൽ പൊലീസിന് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.

മുൻ‌പ് കോടതി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കേസെടുക്കാൻ നിർദേശം നൽകിയത്. ബിഎന്‍എസ്എസ് സെക്ഷൻ 175(3) പ്രകാരമാണ് നടപടി. വ്യക്തിവിവര മോഷണം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

ചിത്രത്തിലെ ഒരു രംഗത്തിൽ ഫോൺ നമ്പർ പ്രദർശിപ്പിച്ചതിനെ തുടർന്ന് നമ്പറിന്‍റെ ഉടമയായ കണ്ണൂർ സ്വദേശിക്ക് നിരന്തരം ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർന്നാണ് കണ്ണൂർ സ്വദേശിനി പരാതി നൽകിയത്. ഫോൺ നമ്പർ നൽകിയത് തന്‍റെ സ്വകാര്യ ജീവിതത്തെ ബാധിച്ചെന്നും ഫോൺ നമ്പർ ഉപയോഗിക്കാൻ തന്‍റെ അനുമതി തേടിയിട്ടില്ലെന്നും ഉടമ പറയുന്നു. തുടർന്നാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്.