ഓപ്പറേഷൻ തൂഫാൻ; വിവരദാതാക്കൾക്കും പൊലീസ് സംഘങ്ങൾക്കും 40 ലക്ഷം രൂപയുടെ പാരിതോഷികം
തിരുവനന്തപുരം: സംസ്ഥാനവ്യാപക ലഹരിവിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാനിൽ പങ്കാളികളായ പൊലീസ് സംഘങ്ങൾക്കും രഹസ്യ വിവരദാതാക്കൾക്കും പാരിതോഷികം നൽകുന്നതിനായി 40 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. അന്വേഷണത്തിനും പ്രോസിക്യൂഷനുമായി 2.34 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട അന്വേഷണ, പ്രോസിക്യൂഷൻ, പ്രോത്സാഹന ചെലവുകൾക്കായി 2.74 കോടി രൂപ അനുവദിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 24ന് പുറപ്പെടുവിച്ച ആഭ്യന്തര വകുപ്പ് ഉത്തരവിലാണ് തുക അനുവദിച്ചത്.
ലഹരിമരുന്ന് കേസുകളിലെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനും പ്രതികളെ പിടികൂടുന്നതിനുമുള്ള അന്വേഷണ, പ്രോസിക്യൂഷൻ ചെലവുകൾക്കായാണ് 2.34 കോടി രൂപ അനുവദിച്ചത്. ശേഷിക്കുന്ന 40 ലക്ഷം രൂപ പൊലീസ് സംഘങ്ങൾക്കും രഹസ്യ വിവരദാതാക്കൾക്കും പാരിതോഷികമായി നൽകും. പൊലീസ് സംഘങ്ങൾക്ക് നൽകുന്ന പാരിതോഷികത്തിന് തുല്യമായ പരിഗണന വിവരദാതാക്കൾക്കും ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാന്റെ നടത്തിപ്പിനായി നേരത്തേ സർക്കാർ അനുവദിച്ച 10 കോടി രൂപയുടെ ഭരണാനുമതിയുടെ ഭാഗമായാണ് പുതിയ തുക അനുവദിച്ചത്.
നവംബർ 26 വരെയുള്ള കണക്കുകൾ പ്രകാരം ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്ത് 17,424 പേരെ അറസ്റ്റ് ചെയ്യുകയും 16,117 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 30.8 കിലോഗ്രാം എംഡിഎംഎ, 2,110 കിലോഗ്രാം കഞ്ചാവ്, 8.2 കിലോഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പിടിച്ചെടുത്തു.
ക്യാമ്പയിന്റെ ഭാഗമായി പൊലീസ് 12,626 ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ജൂണിൽ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനുശേഷം സ്കൂൾ, കോളെജ് സംരക്ഷണ സമിതികൾ 8,664 ബോധവത്കരണ പരിപാടികളും നടത്തിയിട്ടുണ്ട്.
ലഹരിക്കടത്ത് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് 9497979794, 9497927797 എന്നീ ഫോൺ നമ്പറുകളിലൂടെയും 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും പൊലീസിനെ അറിയിക്കാം. വിവരദാതാക്കളുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു.