പാലരുവി എക്സ്പ്രസിലെ തിങ്ങി നിറഞ്ഞ ലേഡീസ് കോച്ച്. 
Kerala

വാഗൺ ട്രാജഡി ആവർത്തിക്കാൻ തയാറെടുക്കുന്ന ലേഡീസ് കോച്ചുകൾ

കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയിലാണ് കോട്ടയം മുതൽ പാലരുവിയിലെ എല്ലാ അൺറിസർവ്ഡ് കോച്ചുകളിലെയും യാത്ര.

VK SANJU

കൊച്ചി: പാലരുവി എക്സ്പ്രസിന്‍റെ ലേഡീസ് കോച്ച് ഇടുങ്ങിയതും വളരെ ചെറുതുമായതിനാൽ കടുത്ത ദുരിതമാണ് സ്ത്രീകൾ നേരിടുന്നത്. 20 സീറ്റുകൾ മാത്രമുള്ള കോച്ചാണ് സ്ത്രീകൾക്കു മാത്രമായി ഒരു റേക്കിൽ നൽകിയിരിക്കുന്നത്. കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയിലാണ് കോട്ടയം മുതൽ പാലരുവിയിലെ എല്ലാ അൺറിസർവ്ഡ് കോച്ചുകളിലെയും യാത്ര. അതികഠിനമായ തിരക്കിലും സ്ത്രീകൾക്ക് ഏറെ ആശ്വാസമായിരുന്നു ലേഡീസ് കോച്ച്. എന്നാൽ, പാലരുവിയിലെ ലേഡീസ് കോച്ചിൽ ഇപ്പോൾ പടിവാതിലിൽ വരെ തിങ്ങിനിറഞ്ഞാണ് സ്ത്രീകൾ യാത്ര ചെയ്യുന്നത്.

ഒന്നിടവിട്ട ദിവസം ഓടുന്ന പാലരുവിയിലാണ് യാത്രാക്ലേശം പാരമ്യത്തിലെത്തുന്നതെന്നും കോച്ചുകളിൽ കയറാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും സ്ഥിരം യാത്രക്കാരിയായ സനൂജ മനു പറയുന്നു. പാലരുവിക്കു ശേഷം ഒന്നരമണിക്കൂർ ഇടവേളയിലാണ് കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്കുള്ള അടുത്ത ട്രെയിനായ വേണാട് എക്സ്പ്രസ് എത്തുന്നത്. രണ്ട് ട്രെയിനുകളിലെയും തിരക്കുകൾ പരിഹരിക്കുന്നതിന് പാലരുവിയ്ക്കും വേണാടിനുമിടയിൽ ഒരു മെമു സർവീസ് ആരംഭിക്കണമെന്ന് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.

അതിരാവിലെ എണീറ്റ് വീട്ടിലെ എല്ലാ ജോലികളും കുട്ടികൾക്കും പ്രായമായവർക്ക് വേണ്ട ആവശ്യങ്ങൾ നിർവ്വഹിച്ച് പുലർച്ചെ തന്നെ വീടുകളിൽ നിന്നും ഇറങ്ങുന്നവരാണ് അധികം സ്ത്രീകളും. പ്രഭാത ഭക്ഷണം കഴിക്കാൻ സമയം ലഭിക്കാതെ കൊണ്ടുവരുന്നവരുമുണ്ട്. എന്നാൽ തിരക്കുമൂലം കുടിക്കാൻ ബാഗിൽനിന്നു വെള്ളമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പാലരുവിയിലെ യാത്ര.

വന്ദേഭാരതിന് വേണ്ടി മുളന്തുരുത്തിയിൽ ഇരുപത് മിനിറ്റിലേറെ ഇപ്പോൾ ദിവസവും പിടിച്ചിടുന്നുണ്ട്. ഈ സമയം വായുസഞ്ചാരം പോലുമില്ലാതെ കോച്ചുകളിൽ സ്ത്രീകൾ കുഴുഞ്ഞു വീഴുകയാണെന്ന് സ്ഥിരയാത്രക്കാരിയായ ആര്യ ആരോപിക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളിലെ 16791/92 പാലരുവി എക്സ്പ്രസ്സിലെ ലേഡീസ് കോച്ചിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ മാനേജർക്ക് ഫ്രണ്ട്‌സ് ഓൺ റെയിൽസ് നേതൃത്വത്തിൽ ആതിര, മിനി ഉമ്മൻ, കൃഷ്ണ, അംബികാ ദേവി എന്നിവർ പരാതി നൽകിയിട്ടുണ്ട്. ഉടനെ ഈ പ്രതിസന്ധി പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് സ്ത്രീ യാത്രികർ.

പരീക്ഷണ ഓട്ടം പൂർത്തിയാക്കിയ ചെങ്കോട്ട പാതയിൽ 22 കോച്ചുകൾ ഇപ്പോൾ പരിഗണയിലാണ്. നിലവിൽ പാലരുവി 14 കോച്ചുകളുമായാണ് സർവീസ് നടത്തുന്നത്. പാലരുവിയിലെ ബോഗികളുടെ എണ്ണം വർധിപ്പിച്ചാലും തിരക്കിന് ഒരു പരിധി വരെ പരിഹാരമാകും.

പുരി രഥയാത്രയില്‍ തിക്കും തിരക്കും; ഒരാൾ മരിച്ചു, 120 പേര്‍ക്ക് പരുക്ക്

ആഡംബര ജീവിതം, ഫ്ലൈറ്റ് യാത്ര, ഒന്നിലേറെ വീടുകൾ; 'മയക്കുമരുന്ന് ദാദാ' അങ്കമാലിയിൽ പിടിയിലായി

'13 മുതൽ 65 വയസു വരെയുള്ളവർക്ക് പ്രധാനമന്ത്രി ധൻ ജൻ യോജന വഴി രണ്ട് ലക്ഷം രൂപ വരെ', ലിങ്ക് ക്ലിക്ക് ചെയ്താൽ പണി കിട്ടും

ഐഎസ്ആർഒയിൽ കൂട്ടരാജി; രാജി വച്ചത് 100ലധികം ശാസ്ത്രജ്ഞർ

12 വർഷത്തെ കാത്തിരിപ്പ്, തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങിന് കുഞ്ഞു പിറന്നു