"മനുസ്മൃതി തിങ്സ്, സോണിയ ഭർത്താവിന്‍റെ മടിയിലിരുന്നത് സമൂഹത്തിൽ വലിയൊരു സാംസ്കാരിക ഞെട്ടലുണ്ടാക്കി"; പരിഹസിച്ച് പാർവതി

 
Kerala

"മനുസ്മൃതി തിങ്സ്, സോണിയ ഭർത്താവിന്‍റെ മടിയിലിരുന്നത് സമൂഹത്തിൽ വലിയൊരു സാംസ്കാരിക ഞെട്ടലുണ്ടാക്കി"; പരിഹസിച്ച് പാർവതി

പൊതുവേദിയിൽ രാഹുൽ സ്വന്തം അമ്മയെ പോലും പരസ്യമായി നാണംകെടുത്തിയെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ വിമർശനം

Namitha Mohanan

കൊച്ചി: ഗാന്ധി കുടുംബത്തിനെതിരേ സംഘപരിപാർ നടത്തുന്ന അധിക്ഷേപ പരാമർശത്തിൽ പരിഹാസവുമായി നടി പാർവതി തിരുവോത്ത്. സോണിയ തന്‍റെ ഭർത്താവിന്‍റെ മടിയിൽ ഇരുന്നത് നമ്മുടെ സമൂഹത്തിൽ വലിയൊരു സാംസ്കാരിക ഞെട്ടലുണ്ടാക്കിയെന്ന് പാർവതി ചൂണ്ടിക്കാട്ടി.

"ബിൽക്കിസ് ബാനുവിനെ ബംലാത്സംഗം ചെയ്തവർ സ്വാതന്ത്ര്യത്തോടെ നടക്കുന്നത് നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണോ? ജസ്റ്റ് മനുസ്മൃതി തിങ്സ്, 5000 വർഷം പഴക്കമുള്ള സംസ്കാരമാണിത് സാറോ', എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പാർവതി പരിഹസിച്ചത്.

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ബിലോങിങ്: എ ജേർണി ഓഫ് ലവ് എന്ന പുസ്തകത്തിന്‍റെ പ്രകാശനങ്ങളിൽ രാഹുൽ മാതാപിതാക്കളെക്കുറിച്ചും അവരുടെ സ്നേഹത്തിന്‍റെ ആഴത്തെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് സംഘപരിവാർ വളച്ചൊടിച്ചത്.

'ഊണുമേശയില്‍ പപ്പയുണ്ടാകും... പപ്പയുടെ മടിയില്‍ മമ്മിയും. എല്ലാ വീടുകളിലും ഇങ്ങനെയാണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. എന്നാൽ സുഹൃത്തുക്കളുടെ വീടുകൾ സന്ദർശിച്ച് തുടങ്ങിയപ്പോഴാണ് ഓരോ വീട്ടിലേയും സ്ഥിതി വ്യത്യസ്ഥമാണെന്ന് മനസിലായത്. " എന്നായിരുന്നു രാഹുൽ പറഞ്ഞത്.

ഇതിനെതിരേയാണ് സംഘപരിവാർ രംഗത്തെത്തിയത്. പൊതുവേദിയിൽ രാഹുൽ സ്വന്തം അമ്മയെ പോലും പരസ്യമായി നാണംകെടുത്തിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആരോപിച്ചു. രാഹുൽ പൊതുവേദിയിൽ പാലിക്കേണ്ട മര്യാദ‍യും മാന്യതയും രാഹുൽ ലംഘിച്ചതായി സംഘപരിവാർ ആരോപിക്കുകയായിരുന്നു.

ഇതിനെതിരേ രാഹുലും രൂക്ഷവിമർശമവുമായി രംഗത്തെത്തിയിരുന്നു. കർണാടകയിലെ ഹൊയ്സലേശ്വര ക്ഷേത്രത്തിലെ ശിവപാർവതി ശിൽപത്തിന്‍റെ ചിത്രം പങ്കുവച്ചായിരുന്നു രാഹുലിന്‍റെ വിമർശനം. ഈ ശിൽപത്തിൽ പാർവതി ഇരിക്കുന്നത് ശിവന്‍റെ മടയിലാണ്. ബിജെപിയുടെയും ആർഎസ്എസ് അനുഭാവികളുടെയും ഹൃദയത്തിൽ ഭയവും ദേഷ്യവും വിദ്വേഷവും വല നെയ്തിരിക്കുകയാണ്. അതിനാലാണ് സ്നേഹം അനുഭവിക്കാനും പ്രകടിപ്പിക്കാനും സാധിക്കാത്തതെന്നും അദ്ദേഹം പരിഹസിച്ചു.