പെൻഷൻ വിതരണത്തിലെ വീഴ്ചയിൽ കർശന നടപടി.

 
file image
Kerala

പെൻഷൻ വിതരണത്തിൽ വീഴ്ച: ജീവനക്കാരനെ മാറ്റി

പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തില്‍ ക്ഷേമ പെന്‍ഷന്‍ വിതരണം നടപടിക്രമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചുമതലയുള്ള ജീവനക്കാരനെ കെ.എം. ഷാജി അടിയന്തരമായി മാറ്റി

Thiruvananthapuram Bureau

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനെതിരേ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തില്‍ പെന്‍ഷന്‍ വിതരണത്തില്‍ വീഴ്ചയുണ്ടായെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്, ചുമതലയുണ്ടായിരുന്ന ജീവനക്കാരനെ വിതരണ ചുമതലകളില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്തതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി.

ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നിർദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയതായും നിയമസഭയില്‍ കെ. പ്രേംകുമാറിന്‍റെ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിനു നൽകിയ മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി. പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ പഴയ വാര്‍ഡുകളായ കളത്തുംപടി, ഷാപ്പിന്‍കുന്ന് എന്നിവിടങ്ങളിലാണ് സംഭവം നടന്നത്. പുല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് മുഖേനയാണ് ഇവിടെ പെന്‍ഷന്‍ വിതരണം നടപ്പിലാക്കുന്നത്.

നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്ന് സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ജീവനക്കാരനെ നീക്കി, ചുമതല മറ്റ് ജീവനക്കാര്‍ക്ക് വീതിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തയാറായത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളോ പൊതുജനങ്ങളോ പഞ്ചായത്ത് ഓഫിസില്‍ യാതൊരു പരാതിയും നല്‍കിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

പെന്‍ഷന്‍ വിതരണ ചുമതലയുള്ള ജീവനക്കാരന് കടുത്ത പനി ബാധിച്ചതിനാല്‍ വീടുകളില്‍ കയറി വിതരണം നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഗുണഭോക്താക്കളുടെ തന്നെ അഭിപ്രായ പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്‍റെ മുന്‍വശത്ത് പെന്‍ഷന്‍ വിതരണം ആരംഭിച്ചതെന്നും പിന്നീട് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഗുണഭോക്താക്കളുടെ ആവശ്യപ്രകാരം സമീപത്തെ മുറിയിലേക്ക് മാറ്റുകയാണുണ്ടായതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

മുന്‍വശത്തെ ബോര്‍ഡ് നീക്കം ചെയ്യാതിരുന്നതിനാലാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നത്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കിടയിലും നടന്ന ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇത്തരം രീതികള്‍ ശരിയല്ലെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

ഗൾഫ് യുദ്ധത്തിൽ വെടിനിർത്തൽ തുടരാൻ തീവ്രശ്രമം നടത്തി ട്രംപ്

നടൻ സൗബിൻ ഷാഹിറും പിതാവും അടക്കം പ്രതികൾ; മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

പശുവിനെ രക്ഷിക്കാൻ വണ്ടി വെട്ടിച്ചു, കോൺഗ്രസ് എംഎൽഎയുടെ കാർ മതിലിൽ ഇടിച്ച് തീപിടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ജൂൺ 6ന് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം: പങ്കെടുക്കാൻ ഇടത് വിദ‍്യാർഥി സംഘടനകൾ

ഭാര്യയെ കൊന്ന് ഒളിവിൽ പോയ യുവാവിനെ പെരുമ്പാവൂരിൽ പിടികൂടി