പിണറായി വിജയൻ

 
Kerala

''ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു''; സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പിണറായി വിജയൻ

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയത്

Aswin AM

തിരുവനന്തപുരം: ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിപണിയിൽ ഇടപെടേണ്ട സർക്കാർ ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്ന ജനദ്രോഹ നയമാണ് സ്വീകരിക്കുന്നതെന്നും മലയാളികൾക്ക് ഇത് അക്ഷരാർഥത്തിൽ കണ്ണീരോണമായി മാറിയെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അരിക്ക് കിലോയ്ക്ക് 15 രൂപയിലേറെ വർധിച്ചെന്നും എന്നാൽ കഴിഞ്ഞ ഇടത് സർക്കാരിന്‍റെ കാലത്ത് വിപണി ഇടപെടലിന് പ്രത‍്യേക സംവിധാനമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. 2016 മുതൽ 13 നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈകോയിൽ വില വർധിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നു പറഞ്ഞ അദ്ദേഹം വിപണിയിൽ കാര്യക്ഷമമായി ഇടപെട്ട് ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ തയാറാകണമെന്നു കൂട്ടിച്ചേർത്തു.

പിണറായി വിജയന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഓണക്കാലത്ത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും യുഡിഎഫ് സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്. വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്ന ജനദ്രോഹ നയമാണ് സ്വീകരിക്കുന്നത്. മലയാളികൾക്ക് ഇത് അക്ഷരാർത്ഥത്തിൽ കണ്ണീരോണമായി മാറിയിരിക്കുന്നു.

​കഴിഞ്ഞ പത്തുവർഷത്തെ അനുഭവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ സാഹചര്യമാണ് ഇന്നുള്ളത്. അരി, പച്ചക്കറി, വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങിയവയ്ക്ക് ദിനംപ്രതി വില കുതിച്ചുയരുന്നു. അരിക്ക് കിലോയ്‌ക്ക് 15 രൂപയിലേറെയാണ് വർദ്ധിച്ചത്. ഓണത്തിന് ഏറ്റവുമധികം ഉപയോഗിക്കുന്ന ഏത്തൻ, പൂവൻ തുടങ്ങിയ പഴങ്ങൾക്ക് 100 മുതൽ 150 രൂപ വരെ കടക്കുന്ന സ്ഥിതിയാണുള്ളത്.

കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് വിപണി ഇടപെടലിന് പ്രത്യേക സംവിധാനങ്ങളുണ്ടായിരുന്നു. 2016 മുതൽ 13 നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈകോയിൽ വില വർദ്ധിപ്പിച്ചിരുന്നില്ല. പത്താംവര്‍ഷം അവസാനമാണ് സബ്സിഡി നിരക്കില്‍ നാമമാത്രമായ വര്‍ദ്ധന വരുത്തിയത്. വെളിച്ചെണ്ണയ്ക്കും മുളകിനും ഇരട്ടി സബ്സിഡി നൽകി, പൊതുവിപണിയേക്കാൾ പകുതി വിലക്കുറവിൽ അന്ന് സാധനങ്ങൾ ലഭ്യമാക്കിയിരുന്നു. എന്നാൽ ഇന്ന് സപ്ലൈകോയിൽ സാധനങ്ങളില്ല എന്ന് മാത്രമല്ല, ഉള്ളവയ്ക്ക് തീവിലയുമാണ്.

മുൻഗണനാ ഇതര വിഭാഗങ്ങൾക്കുള്ള സ്പെഷ്യൽ അരിയുടെ വില 10.90 രൂപയിൽ നിന്ന് 26 രൂപയായി കുത്തനെ കൂട്ടി. അളവ് വെട്ടിക്കുറച്ചതിന് പുറമെ വിതരണം ചെയ്യുന്നത് തീരെ ഗുണനിലവാരമില്ലാത്ത അരിയുമാണ്. മുൻഗണനാ വിഭാഗങ്ങൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകിവന്നിരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം അവതാളത്തിലായി. ആറുലക്ഷത്തിലേറെ കിറ്റുകൾ നൽകേണ്ട സ്ഥാനത്ത് ഇതുവരെ നൽകിയത് അരലക്ഷത്തിൽ പരം മാത്രം.

ഹോര്‍ട്ടികോര്‍പ് വഴിയുള്ള പച്ചക്കറി സംഭരണവും വിതരണവും നിലച്ചതോടെ വില പിടിച്ചുനിർത്താൻ യാതൊരു സംവിധാനവുമില്ലാതായി. കുട്ടികൾക്ക് നൽകുന്ന 5 കിലോ സൗജന്യ അരി നാലാക്കി കുറച്ചു. ഓണാവധിക്ക് സ്കൂളുകൾ അടച്ചിട്ടും വിതരണം ചെയ്തില്ല. 16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി. ക്ഷേമ പെൻഷൻ ഓണത്തിനു മുമ്പ് ലഭിക്കുമോ എന്നതിൽ യാതൊരു ഉറപ്പുമില്ല. ഇതിനൊപ്പം പട്ടികവർഗ വിഭാഗങ്ങളിലെ 60 വയസ്സ് പിന്നിട്ടവർക്ക് നൽകിയിരുന്ന 1000 രൂപ ഓണസമ്മാനവും, മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട ക്ഷേമനിധി ആനുകൂല്യങ്ങളും പ്രത്യേക ഓണക്കിറ്റും മുടങ്ങുന്ന നിലയുണ്ടായി.

​ഓണം പടിവാതിലിൽ എത്തിയ ഈ വേളയിലെങ്കിലും സർക്കാർ ഉണർന്നു പ്രവർത്തിക്കണം. പൊതുവിതരണ ശൃംഖല വഴിയും സഹകരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയും വിപണിയിൽ കാര്യക്ഷമമായി ഇടപെട്ട് ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണം. എല്ലാ മലയാളികൾക്കും അല്ലലില്ലാതെ ഓണം ആഘോഷിക്കാൻ സർക്കാർ വഴിയൊരുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം

ലോക ബാഡ്മിന്‍റൺ ചാംപ‍്യൻഷിപ്പിൽ ഇന്ത‍്യയുടെ ഗായത്രി-ട്രീസ സഖ‍്യത്തിന് വെങ്കലം; ചൈനയോട് പൊരുതിതോറ്റു