പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണം; കേരളത്തിന് കേന്ദ്ര സർക്കാർ കത്തയച്ചേക്കും
file image
തിരുവനന്തപുരം: കേരളം പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണമെന്ന് ആവശ‍്യപ്പെട്ട് കേന്ദ്ര സർക്കാർ കത്തയച്ചേക്കും. ചീഫ് സെക്രട്ടറിക്കായിരിക്കും കേന്ദ്ര വിദ‍്യാഭ‍്യാസ വകുപ്പ് കത്തയക്കുന്നത്.
പദ്ധതിയുടെ ഭാഗമാകണമെന്ന് ഡൽഹിയിൽ എസ്എസ്കെ ഡയറക്റ്ററുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്ര വിദ‍്യാഭ‍്യാസ സെക്രട്ടറി വ‍്യക്തമാക്കിയിരുന്നു. പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകാത്ത പക്ഷം സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം.
ഇനി 1,500 കോടി രൂപയാണ് എസ്എസ്കെ ഫണ്ട് ഇനത്തിൽ കേരളത്തിന് ലഭിക്കാനുള്ളത്. ഇതിൽ തന്നെ ഈ വർഷം ലഭിക്കാനുള്ള 350 കോടി രൂപയും കുടിശികയാണ്. അതേസമയം, പദ്ധതി നടപ്പാക്കുന്നതിനെതിരേ കോൺഗ്രസ് രാഷ്ട്രീയകാര‍്യസമിതി യോഗത്തിൽ ശക്തമായ എതിർപ്പുണ്ടായിരുന്നു.
പദ്ധതി ഒരു കാരണവശാലും നടപ്പാക്കരുതെന്നാണ് മുതിർന്ന നേതാക്കൾ ആവശ‍്യപ്പെട്ടത്. സംസ്ഥാന സർക്കാർ ഒപ്പിട്ട കരാറിൽ നിന്നും പിന്മാറാൻ സാധിക്കില്ലെന്ന് മുഖ‍്യമന്ത്രി വി.ഡി. സതീശനും കഴിഞ്ഞ ദിവസം വ‍്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് നിയമോപദേശം ലഭിച്ചതായും വിദ‍്യാഭ‍്യാസ വകുപ്പിന് കേന്ദ്രസഹായം ലഭിക്കില്ലെന്നും മുഖ‍്യമന്ത്രി പറഞ്ഞിരുന്നു.