PP Divya file image
Kerala

പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് നേതാക്കള്‍ തടസപ്പെടുത്തുന്നു; കേന്ദ്ര നേതൃത്വത്തിന് കത്തയച്ച് പി.പി. ദിവ്യ

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയതിനെതിരെയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്

Namitha Mohanan

കണ്ണൂര്‍: തനിക്കെതിരായ പാര്‍ട്ടി നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പി.പി. ദിവ്യ. കണ്ണൂരിലെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് മുൻപാണ് ദിവ്യയുടെ നീക്കം. താൻ പാർട്ടിയിലേക്ക് തിരിച്ചുവരുന്നത് ചില നേതാക്കൾ ഇടപെട്ട് തടസപ്പെടുത്തുന്നെന്ന് കത്തിൽ ദിവ്യ ആരോപിക്കുന്നു.

തന്‍റെ പേരിലുള്ള കേസും നടപടികളും ചൂണ്ടിക്കാട്ടി പാർട്ടിയിലേക്കുള്ള മടങ്ങിവരവ് അവർ തടയുകയാണ്. തനിക്ക് മാത്രമല്ല, മറ്റ് പലർക്കും ഇത്തരത്തിൽ കേസുകളും മറ്റുമുണ്ട്. എന്നാൽ, തന്നോട് വിവേചനപരമായാണ് പെരുമാറുന്നതെന്നും ദിവ്യ ആരോപിക്കുന്നു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയതിനെതിരെയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ജില്ലാ സെന്ററില്‍ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ജില്ലാ സെന്ററിലെ പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റിയത് ജില്ലാ സെക്രട്ടറി പി കെ ശ്യാമള ആണെന്നും കത്തില്‍ പറയുന്നു.

അതേസമയം, കത്ത് ലഭിച്ചുവെന്നും വിഷയം ചര്‍ച്ച ചെയ്യാമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. എം.എ. ബേബിയുമായി ദിവ്യ ഫോണിൽ സംസാരിക്കുകയും ചെയ്തു.