ശങ്കരനെയും കണ്ണനെയും ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു
കൊച്ചി: രണ്ടുദിവസത്തെ കേരളം സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച രാവിലെ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലെ വടക്കുംഭാഗം ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഗവർണർ ഓം പ്രകാശ് മാഥൂർ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. പൂർണകുംഭം നൽകിയാണ് രാഷ്ട്രപതിയെ ക്ഷേത്രം അധികാരികൾ സ്വീകരിച്ചത്.
തുടർന്ന് തൃശൂരിലെത്തി വൈദ്യരത്നം ആയുർവേദ കോളെജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഗവർണർ ഓം പ്രകാശ് മാഥൂർ, കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക- ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആരോഗ്യ- ദേവസ്വം മന്ത്രി കെ. മുരളീധരന്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, ഒല്ലൂര്‍ എംഎല്‍എ കെ. രാജന്, വൈദ്യരത്നം ഗ്രൂപ്പ് മാനെജിങ് ഡയറക്റ്റര്‍ അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠന് മൂസ്സ് തുടങ്ങിയവർ സംബന്ധിച്ചു.
അതിനു ശേഷം ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളെജ് ഗ്രൗണ്ടിൽ ഇറങ്ങിയ രാഷ്ട്രപതി ക്ഷേത്രത്തിലെത്തി ദർശനം നടത്തി. അവിടെ ഗവർണർ ഓം പ്രകാശ് മാഥൂർ, മന്ത്രി കെ. മുരളീധരൻ തുടങ്ങിയവർ അനുഗമിച്ചു. ഇന്ന് കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയില്‍ 400 കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ 10.40ന് പ്രത്യേക വ്യോമസേനാ വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്, മന്ത്രി റോജി എം. ജോണ്‍, എംപിമാരായ ബെന്നി ബഹനാന്, ഹാരിസ് ബീരാന്, അന്‍വര്‍ സാദത്ത് എംഎല്‍എ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.