പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനും നേരെ ഉയർന്ന കൈക്കൂലി കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനാണ് എസ്ഐടിയുടെ മേൽനോട്ടം. എസ്പി വിക്രമൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ.
പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, റിയാസിന്‍റെ സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് അന്വേഷണം. പിണറായിക്കെതിരായ കൈക്കൂലി ആരോപണവും വീണയ്ക്കും റിയാസിനും സുഹൃത്തുക്കൾക്കുമെതിരെയുള്ള 25 കോടി രൂപയുടെ ഹവാല ഇടപാടുകളുമാണ് അന്വേഷിക്കുക.
വിഷയത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് എസ്ഐടി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം എസ്ഐടിയുടെ അന്വേഷണത്തിൽ തെളിവ് ലഭിച്ചാൽ മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുള്ളൂ. ഇഡിക്കൊപ്പം ചേർന്ന് സർക്കാരും പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന രാഷ്ട്രീയവാദത്തെ പ്രതിരോധിക്കാനാണ് ഈ നീക്കം.