കൊല്ലം മോഹൻ

 
Kerala

പ്രമുഖ ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ ട്രെയ്നിൽ നിന്ന് വീണ് മരിച്ചു

വ്യാഴാഴ്ച വൈകിട്ടോടെ തമിഴ്നാട്ടിലെ കുഴിത്തുറ വെസ്റ്റ് റെയ്‌ല്‍വേ സ്റ്റേഷനു സമീപമായിരുന്നു അപകടം

MV Desk

കൊല്ലം: ട്രെയ്നില്‍ നിന്ന് കാല്‍വഴുതി വീണ് പ്രശസ്ത സ്റ്റില്‍ ഫോട്ടൊഗ്രാഫര്‍ കൊല്ലം മോഹന് (73) ദാരുണാന്ത്യം. വ്യാഴാഴ്ച വൈകിട്ടോടെ തമിഴ്നാട്ടിലെ കുഴിത്തുറ വെസ്റ്റ് റെയ്‌ല്‍വേ സ്റ്റേഷനു സമീപമായിരുന്നു അപകടം. മൃതദേഹം നാഗര്‍കോവില്‍ മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം സ്വദേശമായ കൊല്ലം മണലില്‍ ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.

ഒരു പരിപാടിയുമായി ബന്ധപ്പെട്ട് മോഹന്‍ തിരുവനന്തപുരത്തായിരുന്നു. കൊല്ലത്തു നിന്ന് മാര്‍ത്താണ്ഡത്തേക്കു പുറപ്പെട്ട ബന്ധുക്കളോടൊപ്പം തിരുവനന്തപുരത്തു നിന്നാണ് മോഹന്‍ ട്രെയ്‌നിൽ കയറിയത്. എന്നാല്‍ ട്രെയ്‌നില്‍ വച്ച് അവര്‍ക്ക് മോഹനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. മറ്റുള്ളവര്‍ മാര്‍ത്താണ്ഡത്ത് ട്രെയ്‌ന്‍ ഇറങ്ങിയെങ്കിലും മോഹനെ അവിടെയും കാണാതായതോടെ അന്വേഷണം ആരംഭിച്ചു. ഒടുവില്‍ കുഴിത്തുറ വെസ്റ്റ് റെയ്‌ല്‍വേ സ്റ്റേഷനു സമീപം ആരോ ട്രെയ്‌നില്‍ നിന്നു വീണെന്നു വിവരം ലഭിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റെയ്‌ല്‍വേ പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്.

കൊല്ലത്തു നിന്നു പ്രസിദ്ധീകരിക്കുന്ന നാനാ, കുങ്കുമം, കേരള ശബ്ദം തുടങ്ങിയവയിലൂടെയാണ് കൊല്ലം മോഹന്‍ ശ്രദ്ധേയനായത്. ഈ പ്രസിദ്ധീകരണങ്ങളുടെ സ്റ്റാഫ് ഫോട്ടൊഗ്രഫറായിരുന്നു. 1980കള്‍ മുതല്‍ സിനിമാ പ്രസിദ്ധീകരണ മേഖലയില്‍ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടൊഗ്രാഫറാണ് കൊല്ലം മോഹന്‍. താരങ്ങളായ മധു, ജയന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ഉര്‍വശി, കാര്‍ത്തിക, പാര്‍വതി തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ സ്റ്റില്‍ ഫോട്ടൊകളെടുത്തിട്ടുണ്ട്.

മതിലുകള്‍, മുഖാമുഖം, സ്നേഹപൂര്‍വം മീര, ബലൂണ്‍, കലിക, രാധ എന്ന പെണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടൊഗ്രാഫറായിരുന്നു. കലിക, പാവപ്പെട്ടവര്‍, എതിര്‍പ്പുകള്‍, രാധ എന്ന പെണ്‍കുട്ടി തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. 1980കളിലും 90കളിലും മലയാളത്തിന്‍റെ ഒട്ടുമിക്യ സിനിമാ സെറ്റുകളിലും സജീവ സാന്നിധ്യവും അനിഷേധ്യ ഘടകവുമായിരുന്നു മോഹന്‍. നടന്‍ മോഹന്‍ലാലിനെക്കുറിച്ച് "ലെന്‍സിനപ്പുറം' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഫെഫ്ക സ്റ്റില്‍ ഫോട്ടൊഗ്രാഫര്‍മാരുടെ സംഘടനയിലും സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരളയിലും അംഗമായിരുന്നു.

ഒരു കാലത്ത് കൊല്ലം മോഹന്‍റെ ക്യാമറയിലൊന്നു പെടാന്‍ അഭിനേതാക്കള്‍ കൊതിച്ചിരുന്നു. 45 വര്‍ഷം അദ്ദേഹം കൈകാര്യം ചെയ്ത "സിനിമയില്ല' ഫോട്ടൊ കോളത്തിനു വായനക്കാര്‍ മാത്രമല്ല നടീനടന്മാരും ഫോളോവേഴ്സ് ആയിരുന്നു.

മാര്‍ത്താണ്ഡം അഴകുവിളാകം വീട്ടില്‍ പരേതരായ ശങ്കര നാരായണ പിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ് മോഹനന്‍ നായര്‍ എന്ന കൊല്ലം മോഹന്‍. ഭാര്യ: രുഗ്മിണീ ദേവി. മക്കള്‍: രഞ്ജിനി (മുത്തൂറ്റ് ബാങ്ക്), രഞ്ജിത്ത്. സഹോദരങ്ങള്‍: മനോഹരന്‍, ശ്രീനിവാസന്‍, രവീന്ദ്രന്‍, മണികണ്ഠന്‍, പരേതരായ വേലായുധന്‍ നായര്‍, വത്സലയമ്മ, ലീല.