ആര്‍. ഗോപീകൃഷ്‌ണന്‍റേത് മാധ്യമരംഗത്ത് ഇന്നും നിലനില്‍ക്കുന്ന വേര്‍പാട്; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: മാധ്യമരംഗത്ത് അസാമാന്യ പ്രതിഭയായിരുന്ന ആര്‍. ഗോപികൃഷ്‌ണന്‍റെ വേര്‍പാട് ഇന്നും നിലനില്‍ക്കുന്നുവെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സ്‌നേഹത്തിലൂന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്‍റേത്. ഗോപീകൃഷ്ണന്‍റെ വേര്‍പാടിലൂടെ തനിക്ക് വലം കൈയാണ് നഷ്ടമായതെന്നും സ്പീക്കര്‍ പറഞ്ഞു.
കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ 4-ാമത് ഗോപീകൃഷ്ണന്‍ പുര്‌സകാരദാനവും അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.കോട്ടയം പ്രസ്‌ക്ലബ്ബ്, ആര്‍. ഗോപീകൃഷ്ണന്‍റെ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള ആര്‍. ഗോപീകൃഷ്ണന്‍ പുരസ്‌കാരം ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി.വി. ജീജോ ഏറ്റുവാങ്ങി. കോട്ടയം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായിരുന്നു.
ജലവിഭവവ മന്ത്രി മോന്‍സ് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. കോട്ടയം പ്രസ്‌ക്ലബ് പ്രസിഡന്റ് ഷാലുമാത്യു, ഗോപീകൃഷ്ണന്‍റെ പത്‌നി ഡോ. ലീല ഗോപീകൃഷ്ണ, കെയുഡബ്ളിയുജെ നിയുക്ത സംസ്ഥാന പ്രസിഡന്‍റ് ജിജോ മാത്യു, മുതിർന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ബി. സന്തോഷ്, കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി ആര്‍ ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.വി. ജീജോ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ മാധ്യമപ്രവർത്തകരും ആർ. ഗോപീകൃഷ്ണന്‍റെ സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.