ഡിവിഷൻ വിഭജനം റെയിൽ ഗതാഗതം കാര്യക്ഷമമാക്കാനെന്ന് മന്ത്രി.

 

file image

Kerala

ഡിവിഷൻ വിഭജനം: ട്രെയ്‌നുകൾ വൈകുന്നത് ഒഴിവാകും

മൂന്നു മേഖലകളിലായി ചിതറിക്കിടന്ന ഭരണസംവിധാനം ഒരൊറ്റ മേഖലയ്ക്ക് കീഴിലാക്കുന്നതോടെ ഗതാഗതം കാര്യക്ഷമമാക്കാനാകും. ട്രെയ്‌നുകൾ വൈകുന്നതുൾപ്പെടെ പ്രശ്നങ്ങൾ ഒഴിവാകും.

MV Desk

ന്യൂഡൽഹി: മംഗളൂരു മേഖലയുടെ നിയന്ത്രണം ദക്ഷിണ പശ്ചിമ റെയ്‌ൽവേയുടെ മൈസൂരു ഡിവിഷന് കീഴിലേക്ക് മാറ്റിയത് ട്രെയ്‌ൻ ഗതാഗതം കാര്യക്ഷമമാക്കാനെന്നു റെയ്‌ൽ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ എംപിമാരുമായുള്ള കൂടിക്കാഴ്ചയിലാണു മന്ത്രിയുടെ വിശദീകരണം. നിലവിൽ ദക്ഷിണ റെയ്‌ൽവേ, ദക്ഷിണ പശ്ചിമ റെയ്‌ൽവേ, കൊങ്കൺ റെയ്‌ൽവേ എന്നിങ്ങനെ മൂന്നു മേഖലകളിലായി ചിതറിക്കിടന്ന ഭരണസംവിധാനം ഒരൊറ്റ മേഖലയ്ക്ക് കീഴിലാക്കുന്നതോടെ ഗതാഗതം കാര്യക്ഷമമാക്കാനാകും. ട്രെയ്‌നുകൾ വൈകുന്നതുൾപ്പെടെ പ്രശ്നങ്ങൾ ഒഴിവാകും.

ദക്ഷിണ റെയ്‌ൽവേയിലെ പാലക്കാട് ഡിവിഷന് കീഴിലുള്ള മംഗളൂരുവിനെ ദക്ഷിണ പശ്ചിമ റെയ്‌ൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയ്‌ൽവേ ബോർഡ് തീരുമാനം കേരളത്തിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒക്റ്റോബർ ഒന്നിനു പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ഈ വിഷയത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാരുമായി കൂടിക്കാഴ്ച നടത്തിയതായി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഗോവ ഭാഗത്ത് നിന്നോ ഹാസൻ ഭാഗത്ത് നിന്നോ മംഗളൂരുവിലെത്തുന്ന ട്രെയ്നുകൾ സ്റ്റേഷനിലെത്തുന്നതിന് മുൻപ് മൂന്ന് പ്രവർത്തന മേഖലകളും ഇന്‍റർചേഞ്ച് പോയിന്‍റുകളും കടന്നുപോകേണ്ടിവന്നിരുന്നു. പ്രവർത്തന മേഖലകളുടെ യുക്തിപൂർവമായ പുനഃക്രമീകരണമാണിതെന്നും ഇന്‍റർചേഞ്ച് പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി റെയ്ൽവേ ശൃംഖലയിൽ കാലാകാലങ്ങളിൽ നടപ്പാക്കുന്ന അതിർത്തി പുനഃക്രമീകരണങ്ങളുടെ ഭാഗമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.

കേരളത്തിന്‍റെ റെയ്‌ൽവേ വികസനത്തിന് വൻ കുതിച്ചുച്ചാട്ടം നൽകുന്ന പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രം നടപ്പാക്കി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. മുൻ സർക്കാരിന്‍റെ 372 കോടി രൂപ മാത്രമായിരുന്ന റെയ്‌ൽ ബജറ്റ് വിഹിതം, 2026-27 സാമ്പത്തിക വർഷത്തിൽ 3,795 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. നിലവിൽ 20,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കേരളത്തിൽ നടത്തിവരുന്നത്. ഇതിൽ 9 പുതിയ ലൈൻ/പാത ഇരട്ടിപ്പിക്കൽ പദ്ധതികളും 145 മേൽപ്പാലങ്ങൾ/അടിപ്പാതകളും ഉൾപ്പെടുന്നു.

സംസ്ഥാനത്ത് 100% റെയ്‌ൽവേ വൈദ്യുതീകരണം പൂർത്തിയായി. 2014ന് ശേഷം 493 കിലോമീറ്റർ പാതയാണു വൈദ്യുതീകരിച്ചത്. അങ്കമാലി-ശബരി പാത (111 കി.മീ), എറണാകുളം-കുമ്പളം, കുമ്പളം-തുറവൂർ പാത ഇരട്ടിപ്പിക്കൽ തുടങ്ങിയ പ്രധാന പദ്ധതികളും 52 മേൽപ്പാലങ്ങളുടെ/അടിപ്പാതകളുടെ നിർമാണവും സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസം കാരണം നീണ്ടുപോകുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ‍്യമന്ത്രി മറച്ചുവയ്ക്കുന്നു; ഇത് മുതലാളിമാരുടെ സർക്കാരാണെന്ന് പി. രാജീവ്

അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി