കേരള തീരത്ത് റെഡ് അലർട്ട്

 
file
Kerala

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

സെപ്റ്റംബർ 26 പുലർച്ചെ 2.30 മുതൽ സെപ്റ്റംബർ 28 പുലർച്ചെ 2.30 വരെ കേരള തീരത്ത് 1.0 മുതൽ 1.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്

Sarath Nath MS

തിരുവനന്തപുരം: കേരളത്തിന്‍റെ മുഴുവൻ തീരപ്രദേശത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ നാഷണൽ സെന്‍റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ശനിയാഴ്ച അറിയിച്ചു.

കടൽനിരപ്പ് പെട്ടെന്ന് ഉയരുകയും തീരത്ത് ഉയർന്നതും ശക്തവുമായ തിരമാലകൾ രൂപപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് കള്ളക്കടൽ.

വെള്ളിയാഴ്ച രാത്രി വൈകി പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം സെപ്റ്റംബർ 26 പുലർച്ചെ 2.30 മുതൽ സെപ്റ്റംബർ 28 പുലർച്ചെ 2.30 വരെ കേരള തീരത്ത് 1.0 മുതൽ 1.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലുൾപ്പെടെ തീരമേഖലകളിൽ വെള്ളം കയറാനും കടലാക്രമണം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ആലപ്പാട് മുതൽ ഇടവ വരെയും ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളം മുനമ്പം എഫ്എച്ച് മുതൽ മരുവക്കാട് വരെയും തൃശൂർ ആട്ടുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും മലപ്പുറം കടലുണ്ടി മുതൽ പാലപ്പെട്ടി വരെയും കോഴിക്കോട് ചോമ്പാൽ എഫ്എച്ച് മുതൽ രാമനാട്ടുകര വരെയും കണ്ണൂർ വളപട്ടണം മുതൽ ന്യൂമാഹി വരെയും കാസർകോട് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും തീരപ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിലെ തീരപ്രദേശങ്ങളിലും ലക്ഷദ്വീപ് തീരത്തും സമാന മുന്നറിയിപ്പുകൾ നൽകിയതായി കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.

മുന്നറിയിപ്പ് നിലനിൽക്കുന്ന സമയത്ത് ചെറുവള്ളങ്ങളും മത്സ്യബന്ധന ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം. തിരമാല ശക്തമാകുമ്പോൾ വള്ളങ്ങൾ കരയിലേക്ക് എത്തിക്കാനും ശ്രമിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ ബീച്ച് കേന്ദ്രീകൃത പ്രവർത്തനങ്ങളും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

വിനോദത്തിനായി ബീച്ചുകളിലേക്ക് പോകുകയോ കടലിൽ ഇറങ്ങുകയോ ചെയ്യരുതെന്നും തീരശോഷണത്തിന് സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല