പ്രതീകാത്മക ചിത്രം

 

AI Image

Kerala

ആനത്താരകൾ പുനഃസ്ഥാപിക്കുകയാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം: മന്ത്രി ഷിബു ബേബി ജോൺ

വനസംരക്ഷണം, വിനോദസഞ്ചാരം, വനമേഖലയോട് ചേർന്ന് താമസിക്കുന്നവരുടെ സുരക്ഷ എന്നിവ തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു

Sarath Nath MS

തൃശൂർ: മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം പരമ്പരാഗത ആനത്താരകൾ പുനഃസ്ഥാപിക്കുകയാണെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. വനസംരക്ഷണം, വിനോദസഞ്ചാരം, വനമേഖലയോട് ചേർന്ന് താമസിക്കുന്നവരുടെ സുരക്ഷ എന്നിവ തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാട സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനസംരക്ഷണം, പരിസ്ഥിതി സൗഹൃദ വികസനം, വനാതിർത്തികളിൽ താമസിക്കുന്നവരുടെ സുരക്ഷ എന്നിവയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ളം തേടി കാട്ടാനകൾ സഞ്ചരിച്ചിരുന്ന പരമ്പരാഗത ആനത്താരകൾ അടച്ചുപൂട്ടിയതാണ് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകാൻ കാരണമെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഇത്തരം ആനത്താരകൾ പുനഃസ്ഥാപിക്കുകയാണ് മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയന്ത്രണമില്ലാത്ത വിനോദസഞ്ചാരം പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെ ‘ഉത്തരവാദിത്ത ടൂറിസം’ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരുടെ ആവശ്യങ്ങളോട് കൂടുതൽ അനുഭാവപൂർവം പ്രതികരിക്കുന്ന തരത്തിൽ വനംവകുപ്പിനെ മാറ്റിയെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അതിരപ്പിള്ളി മേഖലയിൽ നടക്കുന്ന പ്രത്യേക ദൗത്യത്തെക്കുറിച്ച് പരാമർശിച്ച മന്ത്രി, ജനവാസ മേഖലകളിൽ ഭീതി സൃഷ്ടിച്ചിരുന്ന 18 കാട്ടാനകളെ വനത്തിലേക്ക് തിരിച്ചയക്കുന്നതിനായി 100ലധികം പേരടങ്ങുന്ന സംഘം രണ്ടര മാസത്തിലേറെയായി ജീവൻ പണയപ്പെടുത്തി പ്രവർത്തിച്ചുവരികയാണെന്നും പറഞ്ഞു.

അതിരപ്പിള്ളി വനശ്രീ ഇക്കോ ഷോപ്പും മന്ത്രി ഉദ്ഘാടനം ചെയ്തു. നവീകരിച്ച വാഴച്ചാൽ വനശ്രീ ഇക്കോ ഷോപ്പും അദ്ദേഹം നാടിന് സമർപ്പിച്ചു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിന്‍റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പ്രവേശന കവാട സമുച്ചയം നിർമിച്ചത്. വാഴച്ചാൽ ഫോറസ്റ്റ് ഡെവലപ്‌മെന്‍റ് ഏജൻസിയുടെ ഫണ്ട് ഉപയോഗിച്ചാണ് അതിരപ്പിള്ളി ഇക്കോ ഷോപ്പ് പൂർത്തിയാക്കിയത്.

ഐഎസ്ഐ ശൃംഖലയെ തകർത്തു; മലയാളികളടക്കം 253 ഭീകരർ പിടിയിൽ

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്; ഒരുക്കുന്നത് മികച്ച സാധ്യതകൾ: സഞ്ജു സാംസൺ

നെറ്റ് പരീക്ഷാ വീഴ്ച; 50ലധികം ജീവനക്കാരെ പുറത്താക്കി എൻടിഎ

ഓപ്പറേഷൻ തൂഫാൻ; രണ്ടാം ഘട്ടം വീടുകൾ കേന്ദ്രീകരിച്ച് നടത്താൻ ആഭ്യന്തരവകുപ്പ്

ബിജെപിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിന്‍റെ പുതിയ തലവൻ; ആരാണ് ദീപക് മഹാസ്കെ?