റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ചൊവ്വാഴ്ച തുടക്കം; 16 വേദികളിലായി 14,500 വിദ്യാർഥികൾ മാറ്റുരയ്ക്കും

 
Kerala

റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ചൊവ്വാഴ്ച തുടക്കം; 16 വേദികളിലായി 14,500 വിദ്യാർഥികൾ മാറ്റുരയ്ക്കും

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കലോത്സവ വിളംബര ഘോഷയാത്ര വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് മുന്നിൽ തുടങ്ങി കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് എച്ച്എസ്എസിൽ സമാപക്കും

Local Desk

കോലഞ്ചേരി: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കോലഞ്ചേരിയിൽ ചൊവ്വാഴ്ച തുടക്കമാവും. കലോത്സവ രജിസ്ട്രേഷൻ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നടന്നു. രചനാ മത്സരങ്ങളാണ് ചൊവ്വാഴ്ച നടക്കുക. ശേഷം ഉച്ചകഴിഞ്ഞ് 3.30ന് കലോത്സവ വിളംബര ഘോഷയാത്ര വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് മുന്നിൽ തുടങ്ങി കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് എച്ച്എസ്എസിൽ സമാപിക്കും.

തുടർന്ന് ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തും.ചീഫ് വിപ് അപു ജോൺ ജോസഫ് കലോത്സവം ഉദ്ഘാടനം ചെയ്യും.16 വേദികളിൽ 351 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.14500മത്സരാർഥികൾ 14ഉപജില്ലകളിൽ നിന്ന്കലോത്സവത്തിൽ മത്സരിക്കും.

റവന്യൂ ജില്ല സ്കൂൾ കലോത്സവ ഭക്ഷണശാല പ്രവർത്തനം ആരംഭിച്ചു. കലോത്സവത്തോട്അനുബന്ധിച്ചുള്ളഭക്ഷണശാലയുടെ പ്രവർത്തനം ആരംഭിക്കുന്നതിന്‍റെ ഭാഗമായിപാലുകാച്ചൽ ചടങ്ങ് വി.പി. സജീന്ദ്രൻ എംഎൽഎ നിർവഹിച്ചു. ഭക്ഷണ കമ്മിറ്റി കൺവീനർ ബിജു വർഗീസ് അധ്യക്ഷത വഹിച്ചു .

പഴയിടം മോഹനൻ നമ്പൂതിരി,വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അമൃത സനൂപ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഷൈജ റെജി, റെജി തോമസ്, മിനി മോഹൻദാസ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോൺ ജോസഫ്, പഞ്ചായത്ത് മെംബർമാരായ ബാബു വർഗീസ്, ജെയ്‌സൽ ജബ്ബാർ, എൻ.എം കുര്യാക്കോസ്, എ.ഇ.ഒ മേഖല പി.ആർ.പബ്ലിസിറ്റി ആൻഡ് മീഡിയ കൺവീനർ ജോമോൻ ജോസ്, കെപിഎസ്ടിഎ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി ടി.യു. സാദത്ത്, സംസ്ഥാന നിർവ്വഹക സമിതി അംഗങ്ങളായ രജ്ഞിത്ത് മാത്യു, അജിമോൻ പൗലോസ്, ജില്ലാ സെക്രട്ടറി ടി.എ. മുരളി ,കെഎസ്എസ്ടിഎഫ് ജില്ലാ സെക്രട്ടറി സിജോ കൊട്ടാരത്തിൽ,പ്രിൻസിപ്പൽമാരായ ഹണി ജോൺ തേനുങ്കൽ , മേരി പി ., ഹെഡ്മിസ്ട്രസ് ജയമോൾ വി. ചാക്കപ്പൻ, ബിജു കുര്യൻ, റെജി എം.എസ്., ബിനു കുര്യാക്കോസ്, ജോബിൻ പോൾ വർഗീസ്, ബേസിൽ ജോയി എന്നിവർ പ്രസംഗിച്ചു.

അഞ്ച് ദിവസങ്ങളായി നടക്കുന്ന കലോത്സവത്തിൽ 25,000 പേർക്ക് ഉച്ചഭക്ഷണവും പ്രഭാത ഭക്ഷണം, രാത്രി ഭക്ഷണം ഉൾപ്പെടെ 40,000 പേർക്കാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നത് .അധ്യാപക സംഘടനയായ കെ.പി.എസ്.ടി എ ആണ് മേളയിലെ ഭക്ഷണ വിതരണം ഏറ്റെടുത്ത് നടത്തുന്നത്. സെന്‍റ് പീറ്റേഴ്‌സ് ഹയർ സെക്കന്‍ററി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ഭക്ഷണ വിതരണം ഒരുക്കിയിട്ടുളളത്.