മൈക്ക് തട്ടിപ്പറിച്ച് ആ നിർണായക പ്രഖ്യാപനം; ജോസ് കെ. മാണിയെ അപ്രസക്തമാക്കി റോഷി അധികാര കേന്ദ്രമാകുന്നു!

 
Kerala

മൈക്ക് തട്ടിപ്പറിച്ച് ആ നിർണായക പ്രഖ്യാപനം; ജോസ് കെ. മാണിയെ അപ്രസക്തമാക്കി റോഷി അധികാര കേന്ദ്രമാകുന്നു!

കേരള കോൺഗ്രസ് എമ്മിന്‍റെ കീഴ്വഴക്കങ്ങളുടെ പൊളിച്ചെഴുത്തെന്നോണമാണ് പലരും ഈ സംഭവത്തെ വിലയിരുത്തുന്നത്

Namitha Mohanan

കോട്ടയം: വാർത്താ സമ്മേളനത്തിനിടെ ജോസ് കെ. മാണിയുടെ കൈയിൽ നിന്നും മൈക്ക് തട്ടിപ്പറിച്ച് റോഷി അഗസ്റ്റിൻ ആ പ്രഖ്യാപനം നടത്തി! കേരള രാഷ്ട്രീയത്തിൽ അച്ചടക്കത്തിനും പാർട്ടി ചെയർമാന്‍റെ അധികാരത്തിലും പേരുകേട്ട കേരള കോൺഗ്രസ് എമ്മിനിത് എന്ത് പറ്റി. കെ.എം. മാണി ആയിരുന്നെങ്കിൽ ഇതൊക്കെ നടക്കുമോ! പാലായിൽ ജോസ് കെ. മാണി മത്സരിക്കുമെന്ന പ്രഖ്യാപനം വന്ന രീതി പാർട്ടിക്കുള്ളിലും അണികൾക്കിടയിലും വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

കേരള കോൺഗ്രസ് എമ്മിന്‍റെ കീഴ്‌വഴക്കങ്ങളുടെ പൊളിച്ചെഴുത്തെന്നോണമാണ് പലരും ഈ സംഭവത്തെ വിലയിരുത്തുന്നത്. മൈക്ക് തട്ടിപ്പറച്ച് റോഷി പ്രഖ്യാപനം നടത്തുമ്പോൾ ജോസിന്‍റെ ശരീര ഭാഷ ദുർബലമായിരുന്നെന്നും ചൂണ്ടിക്കാട്ടുന്നു പലരും.

ജോസ് കെ. മാണി പാലായിൽ മത്സരിക്കുമോ? എന്നായിരുന്നു ചോദ്യം. പാർട്ടി ചെയർമാൻ ജോസ് കെ. മാണി മറുപടി നൽകിക്കൊണ്ടിരിക്കെയാണ് മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടത്. ജോസിന്‍റെ കൈയിൽ നിന്ന് മൈക്ക് തട്ടിപ്പറിച്ച്, ജോസ് കെ. മാണി മത്സരിക്കും എന്ന് റോഷി പ്രഖ്യാപിച്ചു. പാർട്ടി തീരുമാനിക്കും എന്ന് മറുപടി നൽകുന്നതായിരുന്നു മാണിയുടെ കാലം മുതലുള്ള പാരമ്പര്യം. ആ പാരമ്പര്യത്തെ മറികടന്നുള്ള റോഷിയുടെ ഇടപെടൽ അണികൾക്കിടയിൽ അമ്പരപ്പുണ്ടാക്കി. ജോസ് കെ. മാണിയേക്കാൾ പാർട്ടിയിലും മുന്നണിയിലും റോഷി അഗസ്റ്റിൻ സ്വാധീനമുറപ്പിക്കുന്നു എന്ന ചർച്ചകൾക്കാണ് ഈ സംഭവം ആക്കം കൂട്ടുന്നത്.

അടുത്തിടെ കോൺഗ്രസിലേക്ക് ചേക്കാറാനുള്ള മാണി ഗ്രൂപ്പിന്‍റെ ശ്രമങ്ങളെയും ഒറ്റയ്ക്ക് നിന്ന് ചെറുത്തത് റോഷി അഗസ്റ്റിനായിരുന്നു. ഇത് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റേയും പ്രീതി റോഷിക്ക് ലഭിക്കാൻ കാരണമായി. മന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനങ്ങളും പാർട്ടിക്കാര്യങ്ങളിലെ ഇടപെടലുകളും റോഷി കൂടുതൽ പിന്തുണ ലഭിക്കാൻ കാരണമായി. ചെയർമാനെക്കാൾ ശക്തമായി കാര്യങ്ങൾ തീരുമാനിക്കാനുള്ള ആർജവം റോഷി കാണിക്കുന്നതും പാർട്ടിയിലെ രണ്ടാമത്തെ അധികാരകേന്ദ്രത്തിന്‍റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷണം.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി