മുസ്ലിം ലീഗിന് ചെയർമാൻ പദവികൾ കിട്ടിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ആർഎസ്പി.
Representative image
തിരുവനന്തപുരം: ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജനത്തില്‍ അതൃപ്തി പരസ്യമാക്കി ആര്‍എസ്പി. മുന്നണി യോഗം ചേര്‍ന്നിട്ട് നാളുകളായെന്നും ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ വേദിയില്ലാതായെന്നും ആര്‍എസ്പിയുടെ മുതിര്‍ന്ന നേതാവ് എ.എ. അസീസ് പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ തന്നെ യോഗം ചേരണമെന്ന് പറഞ്ഞിട്ട് ഇതുവരെ നടന്നില്ല. സര്‍ക്കാര്‍ വന്നിട്ട് 6 മാസമായി. നമ്മുടെ സംസ്ഥാനത്ത് പൊതുമേഖല സ്ഥാപനങ്ങളായ ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, ക്ഷേമനിധി ബോര്‍ഡുകള്‍ എല്ലാം അനാഥാവസ്ഥയിലാണ്. ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം.
ഇത്തരം കാര്യങ്ങളില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നില്ല. മുസ്ലിം ലീഗിന് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നല്‍കിയ കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഭരണചക്രം ചലിക്കുന്നത് ചില കാര്യങ്ങളില്‍ മാത്രമാണ്. അടിസ്ഥാന വര്‍ഗത്തിന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തത് അപകടകരമാണെന്നും അസീസ്.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഒമ്പത് പദവികള്‍ ആര്‍എസ്പിയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ നാല് പദവികള്‍ മാത്രം കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയിലാണ് പാര്‍ട്ടി. ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജനത്തിലും മുന്നണിയോഗം ചേരാത്തതിലും അതൃപ്തി അറിയിച്ചുകൊണ്ട് 'എ' ഗ്രൂപ്പ് നേതാക്കളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.