ശബരിമല യുവതീ പ്രവേശനം; വിശാല ബെഞ്ച് ക്രിസ്മസിന് മുൻപ് വിധി പറയും
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസിൽ വിശാല ബെഞ്ചിന്‍റെ വിഝി ക്രിസ്മസ് അവധിക്ക് മുൻപുണ്ടായേക്കും. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്ന ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 18 ന് വിധി പറയുമെന്നാണ് സൂചന. ക്നാനായ കത്തോലിക്കാ സഭയും ആയി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
10-50 വയസിനിടയിലുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് 2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി നീക്കി. തുടർന്ന് 2019 ജനുവരി 2-ന് ബിന്ദു അമ്മിണി, കനകദുർഗ്ഗ എന്നിവർ സന്നിധാനത്ത് പ്രവേശിച്ചതും വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.
2019 നവംബർ 13-നാണ് പുനഃപരിശോധനാ ഹർജികൾ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടത്. നിലവിൽ ഒമ്പതംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
മുൻപ് കേസിലെ വാദത്തിനിടെ യുവതീ പ്രവേശനത്തെ ചോദ്യം ചെയ്യുന്ന നിരീക്ഷണങ്ങളാണ് മുമ്പ് ജസ്റ്റിസ് നാഗരത്ന നടത്തിയിരുന്നത്. ലക്ഷക്കണക്കിന് ആളുകൾ വർഷങ്ങളായി പാലിച്ചു പോരുന്ന ആചാരങ്ങളെ കോടതിക്ക് എങ്ങനെ തെറ്റാണെന്ന് പറയാൻ ആകുമെന്ന് ചോദ്യം ചീഫ് ജസ്റ്റിസും ഉയർത്തിയിരുന്നു. യുവതീ പ്രവേശനം തള്ളിക്കൊണ്ടുള്ള വിധിയാവും കോടതി പുറപ്പെടുവിക്കുക എന്ന സൂചനയാണ് പുറത്തുവരുന്നത്.