seeram sambasiva rao

 
Kerala

'അരലക്ഷം വരെ കൈക്കൂലി, ബാറുകളിൽ നിന്ന് മാസപ്പടി': എക്സൈസ് ഉദ്യോഗസ്ഥർക്കെതിരേ ഗുരുതര ആരോപണവുമായി സാംബശിവ റാവു

എക്സൈസ് മന്ത്രിയുടെ ജില്ലയിലെ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്കും സെൻട്രൽ സോൺ ജോയിന്‍റ് എക്സൈസ് കമ്മിഷണർക്കുമെതിരേയാണ് ഗുരുതര ആരോപണം

Manju Soman

തിരുവനന്തപുരം: എക്സൈസ് കമ്മിഷണർ ചുമതലയിൽ നിന്നും നീക്കപ്പെട്ടതിനു പിന്നാലെ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരേ കൈക്കൂലി ആരോപണവുമായി എസ്. സാംബശിവ റാവു. എക്സൈസ് മന്ത്രിയുടെ ജില്ലയിലെ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്കും സെൻട്രൽ സോൺ ജോയിന്‍റ് എക്സൈസ് കമ്മിഷണർക്കുമെതിരേയാണ് ഗുരുതര ആരോപണം. ഇവർ ബാറുകളിൽ നിന്നും മാസപ്പടി വാങ്ങുന്നുണ്ടെന്നും ലൈസൻസ് പുതുക്കാൻ സഹായിച്ച് കൈക്കൂലി ഈടാക്കുന്നുണ്ടെന്നും ബിനാമി ഇടപാടിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചെന്നുമാണ് സർക്കാരിന് സമ‌ർപ്പിച്ച റിപ്പോർട്ടിലുള്ളത്.

അഴിമതി നടത്തിയ ഉദ്യോഗസ്ഥരായ വിനോദ്, ഡെപ്യൂട്ടി കമ്മിഷണർ എന്നിവരെ സ്ഥാനത്തു നിന്നും നീക്കണമെന്നും അദ്ദേഹം റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. വിനോദ് ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് ഇടനിലക്കാരനാവുന്നെന്നും അരലക്ഷം വരെ പല ബാറുടമകളില്‍ നിന്നും കൈക്കൂലിയായി വാങ്ങുന്നെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പാലക്കാട് അണക്കപ്പാറയില്‍ വ്യാജ കള്ളും, സ്പിരിറ്റും പിടികൂടിയ കേസില്‍ എക്സൈസ് ഉദ്യോഗസ്ഥരും, ഷാപ്പ് ലൈസന്‍സികളും തമ്മിലുള്ള അവിശുദ്ധ ഇടപാടില്‍ ഏറ്റവും കൂടുതല്‍ തുക കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനായി വിജിലന്‍സ് കണ്ടെത്തിയെങ്കിലും സ്വാധീനം ഉപയോഗിച്ച് വിനോദ് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.

മന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന ആലപ്പുഴയിലെ എക്സൈസ് ഡപ്യുട്ടി കമ്മിഷണര്‍ അജയ് കായംകുളത്തെ ബാറുകളില്‍ നിന്ന് പതിവായി പണം പിരിക്കുന്നതായി തെളിവുണ്ടെന്നും സീറാം റിപ്പോർട്ടിൽ പറയുന്നു. കായംകുളത്തുള്ള ബാറിൽ ഇൻസ്പെക്ഷനു പോകുമ്പോൾ അജയ് പണം കൈപ്പറ്റാറുണ്ട്. ബാർ ഉടമ എക്സൈസ് മന്ത്രിക്ക് അടുപ്പമുള്ള ആളാണെന്നും മന്ത്രി അദ്ദേഹത്തോട് സംസാരിച്ചാൽ ഇതുവരെ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള തുക സംബന്ധിച്ചുള്ള കൃത്യം വിവരം ലഭിക്കുമെന്ന് ഈ വിവരം നൽകിയ വ്യക്തി അറിയിച്ചതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. അജയ് കോട്ടയത്ത് ബാറുകൾ ലീസിനെടുത്ത് പ്രവർത്തിപ്പിച്ചതായും പറയുന്നുണ്ട്.

ഓണംപോലുള്ള വിശേഷ ദിവസങ്ങളിൽ ഇവർ പണം വാങ്ങുമായിരുന്നു. ബാർ ഉടമകൾ സന്തോഷം എന്ന പേരിലാണ് മാസപ്പടി ചിലവുകൾ ചിലവുപട്ടികയിൽ രേഖപ്പെടുത്താറുണ്ടായിരുന്നത്. ആരോപണ വിധേയർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും പോസ്റ്റുകളിൽ നിന്ന് മാറ്റണമെന്നുമുള്ള ശുപാർശകളും റിപ്പോർട്ടിലുണ്ട്.

‍ലൈസൻസ് കൊടുത്ത വിഷയത്തിൽ താൻ ക്രമക്കേടുകൾ കാണിച്ചിട്ടില്ലെന്നും സാംബശിവ റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്ക് അദ്ദേഹം ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. ചട്ടപ്രകകാരം ലൈസൻസ് അനുവദിക്കാൻ തനിക്ക് അധികാരമുണ്ടെന്നും സർക്കാറിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നും സംബശിവ റാവു റിപ്പോർട്ടിൽ പറയുന്നു.