കടപ്പുറത്ത് കൂട്ടത്തോടെ അടിഞ്ഞ് പിടയ്ക്കുന്ന മത്തി; പെറുക്കിയെടുത്ത് നാട്ടുകാർ
ഉദുമ: തീരത്ത് പിടയ്ക്കുന്ന മത്തി വന്നടിഞ്ഞതിന്റെ സന്തോഷത്തിലാണ് കാപ്പിൽ തീരദേശ വാസികൾ. ബുധനാഴ്ച രാവിലെ മുതലാണ് മത്തി കൂട്ടത്തോടെ കടപ്പുറത്ത് വന്നടിഞ്ഞത്. രാവിലെ ഒമ്പത് മണി വരെ പ്രതിഭാസം തുടർന്നു. സംഭവമറിഞ്ഞ് കടൽത്തീരത്തെത്തിവർ കുട്ട കണക്കിന് മത്തിയാണ് തീരത്ത് നിന്ന് പെറുക്കിയെടുത്തത്.
ഏറ്റവും കുറഞ്ഞത് ഒരാൾക്ക് 25 കിലോ മത്തി വരെ കിട്ടിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മത്തി കിലോക്ക് 200 രൂപ വരെ വിലയുള്ള സമയത്താണ് കാപ്പിൽ കടപ്പുറത്ത് കൈയും കണക്കുമില്ലാതെ മത്തി അടിഞ്ഞിരിക്കുന്നത്.
അതിരാവിലെ കടൽത്തീരത്ത് നടക്കാൻ ഇറങ്ങിയവർ ആണ് തീരത്തേക്ക് മത്തി വന്നടിയുന്നത് കണ്ടത്. മൂന്നു തവണ വരെ തീരത്തേക്ക് കൂട്ടത്തോടെ മത്തി വന്നടിഞ്ഞുവെന്ന് നാട്ടുകാർ പറയുന്നു.