പ്രതി സദറുൾ അനം, കൊല്ലപ്പെട്ട സാവര്യ
ഹരിപ്പാട്: മലയാളി മെഡിക്കൽ വിദ്യാർഥിനി സാവര്യ ബസന്തിനെ കൊലപ്പെടുത്തിയ കേസിൽ സഹപാഠിയായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൾ അനമിന് ഉസ്ബെക്കിസ്ഥാനിലെ കോടതി എട്ടരവർഷം തടവുശിക്ഷ വിധിച്ചു. സാവര്യയുടെ പിതാവ് ബസന്താണ് കോടതി വിധി സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കേസിലെ വാദിഭാഗം അഭിഭാഷക ഫോണിലൂടെ വിധി അറിയിക്കുകയായിരുന്നു.
ജൂലൈ നാലിനാണ് 22കാരിയായ സാവര്യയെ ഉസ്ബെക്കിസ്ഥാനിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ലാപ്ടോപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് കേസ്. സംഭവത്തിൽ അന്നുതന്നെ സദറുൾ അനം അറസ്റ്റിലായിരുന്നു. കൊലപാതകത്തിന് പരമാവധി പത്തുവർഷം തടവ് ലഭിക്കാവുന്ന ഉസ്ബെക്കിസ്ഥാനിൽ വധശിക്ഷ നിലവിലില്ല.
കേസിന്റെ വിചാരണ നടപടികൾ നേരിട്ടറിയുന്നതിനായി ഒക്റ്റോബർ 23ന് ബസന്ത് ഉസ്ബെക്കിസ്ഥാനിൽ എത്തിയിരുന്നു. കോടതിയിൽ മൊഴി നൽകിയ അദ്ദേഹം പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. വീഴ്ചയിൽ പരുക്കേറ്റ സാവര്യയെ രക്ഷിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും പ്രതിക്കെതിരായ തെളിവുകളായി.
അതേസമയം, കേസുമായി ബന്ധപ്പെട്ട രേഖകൾ ഉസ്ബെക്കിസ്ഥാനിൽ നിന്ന് ലഭ്യമാക്കാനുള്ള നടപടികളും കേരളത്തിൽ പുരോഗമിക്കുകയാണ്. ബസന്തിന്റെ പരാതിയിൽ ഹരിപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യൻ എംബസി വഴിയാണ് രേഖകൾ ശേഖരിക്കേണ്ടത്.