വി. ജോയ്
തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകർക്കെതിരായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിനിടെ വധഭീഷണി മുഴക്കി ജില്ലാ സെക്രട്ടറി വി. ജോയ് എംഎൽഎ. കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അടക്കമുള്ള പൊലീസുകാർക്കെതിരേയായിരുന്നു എംഎൽഎയുടെ ഭീഷണി.
"അവനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. ഇങ്ങനെപോയാൽ നോക്കിക്കോ ഒരു കൊലപാതകം നടക്കും." എന്നാണ് ജോയ് പറഞ്ഞത്. സിപിഎം നേതാക്കളായ ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വധഭീഷണി. സംഭവത്തിനെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രവർത്തകരെ ക്രൂരമായി മർദിച്ച കന്‍റോൺമെന്‍റ് സ്റ്റേഷനിലെ പൊലീസുകാരെ തെരുവിൽ നേരിടുമെന്ന് എസ്എഫ്ഐ പരസ്യമായി പ്രതികരിച്ചിരുന്നു. കന്‍റോൺമെന്‍റ് സ്റ്റേഷനിലെ എസ്ഐ ഗോകുൽ, അസി. കമ്മിഷണർ വി. ജയചന്ദ്രൻ, കന്‍റോൺമെന്‍റ് ഇൻസ്പെക്ടർ സതീഷ് എന്നിവർക്കെതിരേയാണ് ഭീഷണി മുഴക്കിയത്.