മഹാരാജാസിൽ ബിരുദദാനത്തിനിടെ പ്രതിഷേധിച്ച് എസ്എഫ്ഐ; ചടങ്ങ് പൂർത്തിയാക്കാതെ മടങ്ങി മന്ത്രി റോജി എം. ജോൺ

 

File pic

Kerala

മഹാരാജാസിൽ ബിരുദദാനത്തിനിടെ പ്രതിഷേധിച്ച് എസ്എഫ്ഐ; ചടങ്ങ് പൂർത്തിയാക്കാതെ മടങ്ങി മന്ത്രി റോജി എം. ജോൺ

മഹാരാജാസ് കോളെജ് വൈസ് ചെയർപേഴ്സൺ നഫീസത്ത് മുസ്ലീയാർ ഉൾപ്പെടെയുള്ളവർ മന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

നീതു ചന്ദ്രൻ

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിൽ ബിരുദദാനചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോണിനെതിരേ പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ. വിദ്യാർഥികൾ പ്രതിഷേധം കനപ്പിച്ചതോടെ ചടങ്ങ് പൂർത്തിയാക്കാതെ മന്ത്രി മടങ്ങി. കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട മന്ത്രിയുടെ നിലപാടിനെയാണ് വിദ്യാർഥികൾ ചോദ്യം ചെയ്തത്. സംസ്കൃത സർവകലാശാലയിൽ സമരം ചെയ്ത 16 വിദ്യാർഥികളെ 60 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. വൈസ് ചാൻസലറെ ശവമഞ്ചത്തിൽ കിടത്തിയെന്ന ആരോപണത്തെത്തുടർന്ന് അപരിഷ്കൃ‌തർ എന്നാണ് മന്ത്രി വിദ്യാർഥികളെ വിശേഷിപ്പിച്ചതെന്നും മഞ്ചം നാടകത്തിനായുള്ള പ്രോപ്പർട്ടി മാത്രമാണെന്ന് വ്യക്തമായിട്ടും ആ നിലപാട് തിരുത്താൻ മന്ത്രി തയാറായില്ലെന്നും വിദ്യാർഥികൾ പറയുന്നു.

മഹാരാജാസ് കോളെജ് വൈസ് ചെയർപേഴ്സൺ നഫീസത്ത് മുസ്ലീയാർ ഉൾപ്പെടെയുള്ളവർ മന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അതിനെല്ലാം മറുപടി ഉടൻ നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. എന്നാൽ ജനാധിപത്യപരമായ സമരങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മന്ത്രി ചടങ്ങിനു ശേഷം ഉത്തരം നൽകാമെന്ന് മറുപടി നൽകുകയായിരുന്നു. എന്നാൽ വിദ്യാർഥികൾ അപ്പോൾ തന്നെ മറുപടി നൽകണമെന്നതിൽ നിന്ന് ഉറച്ചു നിന്നു.

എസ്എഫ്ഐക്കാർ വേദിയിലേക്ക് കയറി മൈക്കിൽ സംസാരിക്കാൻ ശ്രമിക്കുകയും ബഹളം കടുക്കുകയും ചെയ്തതോടെ പൊലീസിന്‍റെ സഹായത്തോടെ മന്ത്രിയെ പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാൽ കാലടി സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം നടക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള അക്രമമാണ് നടന്നിരുന്നതെന്നും ഇത്തരം യോഗങ്ങളിൽ വന്ന് ഗുണ്ടായിസം കാണിക്കാമെന്ന് ആരു വിചാരിച്ചാലും കീഴടങ്ങില്ലെന്നും മന്ത്രി പ്രതികരിച്ചു.