Shobha Surendran File
Kerala

"അടിച്ച് പണിക്കുറ്റം തീർക്കും"; ആലപ്പുഴയിലെ ബിജെപി പ്രവർത്തകയെ ഭീഷണിപ്പെടുത്തി ശോഭ സുരേന്ദ്രൻ, പരാതി

ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്‍റ് ബിന്ദു വിനയകുമാറാണ് പൊലീസിൽ പരാതി നൽകിയത്

MV Desk

പാലക്കാട്: വോട്ട് ചെയ്യാൻ പണം നൽകിയെന്ന ആരോപണം കത്തിപ്പടർന്നതിനു പിന്നാലെ വീണ്ടും വിവാദങ്ങളിൽ നിറഞ്ഞ് ശോഭാ സുരേന്ദ്രൻ. പാലക്കാട് എൻഡിഎ സ്ഥാനാർഥിയായ ശോഭ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ബിജെപി പ്രവർത്തക രംഗത്തെത്തി. ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്‍റ് ബിന്ദു വിനയകുമാറാണ് പൊലീസിൽ പരാതി നൽകിയത്. ശോഭ സുരേന്ദ്രൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദ സന്ദേശവും പുറത്തുവിട്ടു.

കഴിഞ്ഞ ദിവസം കണ്ണാടി തരുവക്കുറിശിയിൽ ബിജെപി പ്രവർത്തക ഒരു വയോധികയ്ക്ക് 5000 രൂപ നൽകുന്നതിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു. തുടർന്ന് പൊലീസ് കേസെടുക്കുകയും ശോഭയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിവാദത്തിന് പിന്നിൽ ബിന്ദുവാണ് എന്നാരോപിച്ചാണ് ശോഭ സുരേന്ദ്രൻ ഭീഷണിമുഴക്കിയത്.

നിങ്ങൾ ബിജെപി പ്രവർത്തക അല്ലേ എന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. അടിച്ച് പണിക്കുറ്റം തീര്‍ക്കുമെന്ന് ഭീഷണിമുഴക്കുന്നതും കേൾക്കാം. വോട്ടർക്ക് പണം നൽകിയ സ്ത്രീ വന്നത് ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലാണ്. വിവാദത്തിനു പിന്നാൽ ബിന്ദുവാണെന്നും കോടതി കയറ്റുമെന്നും ഭീഷണിയുണ്ട്. സംസ്ഥാന അധ്യക്ഷന് പരാതി നൽകുമെന്നും ശോഭ പറയുന്നുണ്ട്.

ശോഭാ സുരേന്ദ്രനെതിരെ ബിന്ദു പൊലീസിൽ പരാതി നൽകി. കോൾ റെക്കോർഡ് അടക്കമാണ് പൊലീസിൽ പരാതി നൽകിയത്. ഫോണിലൂടെ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചു. തന്നെയും ഭർത്താവിനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ഓൺലൈനായി പരാതി നൽകിയതെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽനിന്ന് മത്സരിച്ചിരുന്നു. അന്നു മുതൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.

കേദാർനാഥിൽ മണ്ണിടിച്ചിൽ; തീർഥാടകൻ മരിച്ചു

'നിയമവിരുദ്ധം'; വി.ഡി. സതീശന്‍റെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ, ഇന്ത്യയിൽ കാണാനാവില്ല

വനിതാ പൊലീസിനെ ആക്രമിച്ചു; പീഡനകേസ് പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ്

ബിരിയാണി പാചകം ചെയ്യുന്ന ഗണപതിയുടെ ചിത്രം പരസ്യത്തിൽ; ഹോട്ടൽ ഉടമ അറസ്റ്റിൽ

അപൂർവ രോഗത്തെ അതിജീവിച്ച് വികാരനിർഭരമായ തിരിച്ചുവരവുമായി ടൈറ്റാനിക് ഗായിക സെലിൻ ഡിയോൺ