എംഎൽഎ വി.കെ. പ്രശാന്ത്, ആർ. ശ്രീലേഖ
തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലുള്ള എംഎൽഎ ഓഫിസ് ഒഴിയണമെന്നാവശ്യപ്പെട്ട് കൗൺസിലർ ആർ.ശ്രീലേഖ. എംഎൽഎ വി.കെ. പ്രശാന്തിനോട് ഇക്കാര്യം ഫോണിലൂടെആവശ്യപ്പെട്ടു. ശാസ്തമംഗലത്തുള്ള കോർപ്പറേഷൻ കെട്ടിടത്തിലാണിപ്പോൾ എംഎൽഎ പ്രശാന്തിന്‍റെ ഓഫിസ് പ്രവർത്തിക്കുന്നത്.
മുൻ കൗൺസിലറിനും ഇതേ കെട്ടിടത്തിലാണ് മുറിയുണ്ടായിരുന്നത്. എന്നാൽ ഈ മുറി ചെറുതാണെന്നും എംഎൽഎ ഓഫിസ് പ്രവർത്തിക്കുന്ന മുറി തനിക്ക് നൽകണമെന്നുമാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യം അംഗീകരിക്കാനാകില്ലെന്ന് എംഎൽഎ പ്രശാന്ത് വ്യക്തമാക്കി. എന്നാൽ കെട്ടിടത്തിന്‍റെ താഴത്തെ നില മുഴുവൻ എംഎൽഎ കൈയടക്കി വച്ചിരിക്കുകയാണെന്നും തനിക്ക് പ്രവർത്തിക്കാൻ സ്ഥലമില്ലെന്നുമാണ് ശ്രീലേഖ ആരോപിക്കുന്നത്.
എംഎൽഎ ഓഫിസിന് 2026 നിയമസഭാ തെരഞ്ഞെടുപ്പു വരെ കെട്ടിടത്തിൽ പ്രവർത്തിക്കാമെന്നാണ് വാടക കരാറിൽ ഉള്ളത്. എങ്കിലും കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ എംഎൽഎക്ക് കെട്ടിടം ഒഴിഞ്ഞു നൽകേണ്ടതായി വരും.