ശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ വിശദീകരണവുമായി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. യൂട്യൂബർ രാജൻ ജോസഫിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സുഖമാണോ ചേട്ടാ എന്നു മാത്രമാണ് ചോദിച്ചതെന്നും അവർ പറഞ്ഞു.
യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത കാര്യം പൊലീസ് അറിയിച്ചിരുന്നു. പ്രതിയെ തിരിച്ചറിയുക എന്ന നടപടിയുടെ ഭാഗമായാണ് സ്റ്റേഷനിൽ ചെന്നത്. സ്റ്റേഷന് അകത്തേക്ക് കയറി സെല്ലിന് മുന്നിൽ ചെന്ന് സുഖമാണോ ചേട്ടോ എന്നു മാത്രമാണ് ചോദിച്ചത്. അദ്ദേഹത്തിന് എന്നേക്കാൾ 20 വയസ് പ്രായക്കൂടുതലുണ്ട്. അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിട്ടില്ല.- ശ്രീനാദേവി പറഞ്ഞു.
സ്തീകളെ അധിക്ഷേപിക്കുന്ന യൂട്യൂബറായ രാജൻ ജോസഫിനെ പിന്തുണയ്ക്കുന്ന നിലവാരത്തിലേക്ക് അടൂരിലെ സിപിഎം നേതാക്കൾ അധഃപതിച്ചെന്നും അധികാരം നഷ്ടപ്പെട്ടതിന്റെ ചിത്തഭ്രമമാണ് സിപിഎം പ്രകടിപ്പിക്കുന്നതെന്നും ശ്രീനാദേവി പറഞ്ഞു. ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ശ്രീനാ ദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ അടൂർ പൊലീസ് സ്റ്റേഷനിൽ നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എറണാകുളത്തു നിന്ന് രാജൻ ജോസഫിനെ അടൂരിലെത്തിച്ചപ്പോഴാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിലുള്ള സംഘം ജീപ്പ് തടഞ്ഞത്. ഫെന്നി നൈനാനും ഒപ്പമുണ്ടായിരുന്നു.
ശേഷം രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും മർദിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. സ്റ്റേഷന് അകത്തു കയറിയ സംഘം സെല്ലിനുള്ളിലുള്ള രാജൻ ജോസഫുമായി കയർത്തു സംസാരിക്കുന്നതും വിഡിയോയിൽ ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയുന്ന 20 പേർക്കെതിരേയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ശ്രീനാദേവി കുഞ്ഞമ്മ, ഫെന്നി എന്നിവർക്കെതിരേ കേസുണ്ടായിരുന്നില്ല.