പരീക്ഷാ മൂല്യനിർണയം തകൃതിയായി നടക്കുന്നു; എസ്എസ്എൽസി, ഹയർസെക്കണ്ടറി ഫലങ്ങൾ മേയ് മൂന്നാം വാരത്തോടെയെന്ന് മന്ത്രി
file image
തിരുവനന്തപുരം: എസ്എസ്എല്‍സി, എച്ച്എസ്എസ് പരീക്ഷാ മൂല്യനിർണയം 161 ക്യാംപുകളിൽ മുന്നേറുന്നു. ഈ വര്‍ഷത്തെ എസ്എസ്എല്‍സി/ റ്റിഎച്ച്എസ്എല്‍സി/ എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തുന്നതിനായി സ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃതമൂല്യനിര്‍ണയ ക്യാംപുകളിലായി ഈ മാസം 26 വരെ രണ്ട് ഘട്ടങ്ങളിലായാണ് പ്രവര്‍ത്തനം ക്രമീകരിച്ചിട്ടുള്ളത്.
ആദ്യഘട്ടം ഈ മാസം 11ന് അവസാനിക്കും. രണ്ടാംഘട്ടം 21ന് ആരംഭിച്ച് 26ന് അവസാനിക്കും. സംസ്ഥാനത്തെ എല്ലാ മൂല്യനിര്‍ണയ ക്യാംപുകളിലുമായി 952 അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരെയും 8975 എക്സാമിനര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ക്യാംപുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 72 ക്യാംപ് ഓഫിസര്‍മാര്‍, 72 ഡെപ്യൂട്ടി ക്യാംപ് ഓഫിസര്‍മാര്‍ 216 ഓഫിസ് ജീവനക്കാർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. മൂല്യനിര്‍ണയത്തിനു ശേഷം ഓണ്‍ലൈന്‍ ആയി മാര്‍ക്ക് എന്‍ട്രി നടത്തുന്നതിന് 144 ഐറ്റി മാനെജര്‍മാരും 288 ഡേറ്റ എന്‍ട്രി അധ്യാപകരും ഉള്‍പ്പെടെ ആകെ 720 പേരുടെ സേവനം ക്യാംപുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഹയർസെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം 57 വിവിധ വിഷയങ്ങൾക്ക് ആയി 24000 അധ്യാപകരെ നിയമിച്ച് 89 ക്യാംപുകളിലായി പൂർത്തീകരിക്കും. മേയ് 10ന് അവസാനിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയമാണ് ആദ്യം നടത്തുന്നത്. ഇതു പൂർത്തിയാകുന്ന മുറയ്ക്ക് രണ്ടാം വർഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തും. രണ്ടാം വർഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം അവസാനിച്ച ശേഷം ഒന്നാം വർഷ മൂല്യനിർണയം ആരംഭിക്കും. ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ് ഉത്തരക്കടലാസുകളുടെ എണ്ണം 6,69,726 ആണ്. രണ്ടാം വർഷ ഉത്തരക്കടലാസുകളുടെ എണ്ണം 26,59,449 ആണ്. ഒന്നാം വർഷ ഉത്തരകടലാസുകളുടെ എണ്ണം 26,40,437 ആണ്. വിഎച്ച്എസ്ഇ പൊതുപരീക്ഷ മൂല്യനിർണയം സംസ്ഥാനത്തെ എട്ട് ക്യാംപുകളിലായി നടക്കുന്നു. മൂല്യനിർണയത്തിനായി 2400ഓളം അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.
മേയ് മൂന്നാം വാരത്തിനുള്ളിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.