സംഘർഷത്തെ തുടർന്ന് പൊലീസ് ഹോസ്റ്റലിൽ കയറി ലാത്തിചാർജ് നടത്തുന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് തെരുവ് യുദ്ധത്തിൽ കലാശിച്ചു. യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ കേരള സർവകലാശാല ഹോസ്റ്റലിൽ നിന്ന് കല്ലേറുണ്ടായി. ഇതിന് മറുപടിയായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപന്തം തിരിച്ചെറിഞ്ഞു. ഇതോടെ സംഘർഷം തെരുവ് യുദ്ധമായി മാറി. ബുധനാഴ്ച രാത്രിയാണ് തിരുവനന്തപുരം നഗരത്തിൽ വൻ സംഘർഷാവസ്ഥ ഉടലെടുത്തത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഒ.ജെ. ജനീഷ്, ഷാഫി പറമ്പിൽ എംപി എന്നിവർ നേതൃത്വം നൽകിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് സംഭവം. മാർച്ച് തുടങ്ങുന്നതിന് മുൻപ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേരള സർവകലാശാല ഹോസ്റ്റലിന് സമീപം തടിച്ചുകൂടി നിൽക്കവേയാണ് കല്ലേറുണ്ടായത്. ഹോസ്റ്റലിനകത്ത് നിന്ന് കല്ലും ബിയർ കുപ്പികളുമാണ് എറിഞ്ഞത്. എസ്എഫ്ഐ പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്നാണ് ആരോപണം.
ഇതോടെ മറുപടിയായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റലിനകത്തേക്ക് പന്തം കത്തിച്ച് എറിയുകയായിരുന്നു. ഇതോടെ സംഘർഷം കൈവിടുകയായിരുന്നു. വൻ തോതിൽ പൊലീസ് എത്തിയിട്ടും സ്ഥിതിഗതികൾ നിയന്ത്രിക്കാനായില്ല. പൊലീസ് ഹോസ്റ്റലിൽ കയറി ലാത്തിചാർജി നടത്തി. നിരവധി വിദ്യാർഥികൾക്ക് ലാത്തിചാർജിൽ പരുക്കേറ്റുവെന്നാണ് വിവരം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി, മുൻ മന്ത്രി വി. ശിവൻകുട്ടി എന്നിവർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
ഏകപക്ഷീയമായ ആക്രമണമാണ് നടന്നതെന്നും യൂത്ത് കോൺഗ്രസിന്‍റെ കാടത്തമാണെന്നും പിണറായി വിജയൻ ആരോപിച്ചു. ആസൂത്രിതമായാണ് യൂത്ത് കോൺഗ്രസ് ആക്രമണം നടത്തിയതെന്നും പിണറായി കുറ്റപ്പെടുത്തി.