പമ്പയിൽ വസ്ത്രങ്ങളും മാലിന്യവും ഉപേക്ഷിച്ചാല്‍ കടുത്ത നടപടി; 5,000 രൂപ വരെ പിഴ, അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി
ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ പമ്പ നദിയിലെയും സ്നാന ഘട്ടങ്ങളിലെയും മലിനീകരണം തടയുന്നതിനായി ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിരോധനം ലംഘിക്കുന്നവരിൽ നിന്ന് 5,000 രൂപ വരെ തത്സമയം പിഴ ഈടാക്കും. പമ്പയിലോ കൈവഴികളിലോ സ്നാനഘട്ടങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങളോ തുണിത്തരങ്ങളോ മറ്റു വ്യക്തിഗത വസ്തുക്കളോ ഉപേക്ഷിക്കാനോ തള്ളാനോ പാടില്ല. നദിയിലോ തീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ പ്ലാസ്റ്റിക്, ഖര, ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും കർശനമായി നിരോധിച്ചു.
15 ദിവസത്തിനകം പിഴയൊടുക്കാത്തപക്ഷം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് തീർത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസായ പമ്പ നദിയിലെ ജലം മലിനമാകുന്നതും ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യതയും മുൻനിർത്തിയാണു നടപടി. ഉത്തരവ് കർശനമായി നടപ്പാക്കുന്നതിനും നദീതീരങ്ങളിലും സ്നാനഘട്ടങ്ങളിലും പരിശോധന നടത്തി നിയമലംഘകരിൽ നിന്നും പിഴ ഈടാക്കുന്നതിനുമായി പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ്, പമ്പ പൊലീസ് സ്പെഷ്യൽ ഓഫീസർ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ അധികാരപ്പെടുത്തി.
ഈടാക്കുന്ന പിഴത്തുക റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ ഉൾപ്പെടുത്താനും തുക പൂർണമായും ശബരിമലയിലെയും പമ്പയിലെയും ശുചീകരണ, മാലിന്യ സംസ്കരണ, നദീശുദ്ധീകരണ പ്രവർത്തനങ്ങൾക്കായി മാത്രം വിനിയോഗിക്കാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടു മാസത്തേക്കാണു നിരോധനാജ്ഞ.