എസ്. ശ്രീഹരി
കാക്കനാട്: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി ടെലഗ്രാമിലൂടെ പ്രചരിപ്പിച്ച വിദ്യാർഥി അറസ്റ്റിൽ. തൃക്കാക്കര ഭാരതമാത കോളെജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ തിരുവനന്തപുരം സ്വദേശി എസ്. ശ്രീഹരി (20) ആണ് അറസ്റ്റിലായത്.
ഫോണിൽനിന്ന് മോർഫ് ചെയ്ത ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുറി ദൃശ്യങ്ങളടക്കം ഫോണിലുണ്ട്. നഗ്ന ചിത്രങ്ങള്‍ വിറ്റ് ഇയാള്‍ പണം വാങ്ങിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഐടി നിയമത്തിലെ 67 എ ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസ്.
കോളെജ് അധികൃതരുടെ പരാതിയിലാണു വിദ്യാർഥിക്കെതിരേ കേസെടുത്തത്. കോളെജിലെ ചടങ്ങുകളിലും മറ്റും പകർത്തിയ ചിത്രങ്ങളാണ് ഇതിലധികവും. അധ്യാപകരുടെയും സഹപാഠികളുടെയും ഇരിക്കുന്നതും നടക്കുന്നതും ഉൾപ്പെടെയുള്ള വിഡിയോകളാണു മോർഫ് ചെയ്തു പ്രചരിപ്പിച്ചിരിക്കുന്നത്.